ലോകായുക്തയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്ന തലക്കെട്ടിലാണ് ജസ്റ്റിസ് സിറിയക്ക് ജോസഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ടി. ജലീല്‍ വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. പക്ഷെ പുതിയ കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. ‘എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുന്‍കൂറായി എത്തണം. സഹോദര ഭാര്യക്ക് പദവി ആയാലും തരക്കേടില്ല- ജലീല്‍ കുറിച്ചു.
തനിക്കെതിരായ കേസില്‍ അസാധാരണ വേഗത്തിലാണ് ജസ്റ്റിസ് സിറിയക്ക് ജോസഫ് വിധി പറഞ്ഞതെന്ന് ജലീല്‍ ആരോപിച്ചു. പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലില്‍ സ്വീകരിച്ച് വാദം കേട്ട് എതിര് കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വിധി പറഞ്ഞു. വെളിച്ചത്തെക്കാളും വേഗതയില്‍ വിധി പറഞ്ഞ് ചരിത്രം കുറിച്ചുവെന്നും കെ.ടി ജലീല്‍ പരിഹസിക്കുന്നു.