വനിതാമതിലിന്റെ വിജയത്തില്‍ മന്ത്രി കെ.ടി ജലീല്‍ നടത്തിയ വിടുവായത്തം സി.പി.എം അനുകൂല നിലപാടുള്ള കാന്തപുരം എ.പി വിഭാഗത്തെ തെറ്റിക്കുന്നു. മലപ്പുറത്ത് കുറച്ചു പെണ്‍കൂട്ടങ്ങളെക്കണ്ട് ജലീല്‍ നില വിടുകയാണെന്നും ഇയാളെ അവഗണിക്കാന്‍ സമയം വൈകിയെന്നുമാണ് കാന്തപുരം എ.പി വിഭാഗം നേതാക്കളുടെ പ്രതികരണം.
മുസ്‌ലിം ലീഗ് അനുകൂല ഇ.കെ സുന്നിവിഭാഗം സ്ത്രീകള്‍ വനിതാമതിലില്‍ പങ്കെടുക്കുന്നതിനെതിരെ നിലപാട് വ്യക്തമാക്കിയിരുന്നു. വനിതാ മതിലില്‍ മുസ്‌ലിം സ്ത്രീകളുടെ പങ്കാളിത്തവും കെ.എം ഷാജിക്ക് നിയമസഭാംഗത്വം നഷ്ടപ്പെടാനുള്ള സാഹചര്യവും വിശദീകരിച്ചാണ് മന്ത്രി കെ.ടി ജലീല്‍ പ്രസ്താവന നടത്തിയത്.
ലീഗ് സ്‌പോണ്‍സേര്‍ഡ് മതസംഘടനകളുടെ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന മതവിധിക്ക് പുല്ലുവില കല്‍പ്പിച്ചാണ് പതിനായിരക്കണക്കിന് മുസ്‌ലീം സ്ത്രീകള്‍ മലപ്പുറത്ത് വനിതാമതിലില്‍ പങ്കെടുത്തതെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി കെ.ടി ജലീല്‍ പ്രസംഗിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലും ഇത് ആവര്‍ത്തിച്ചു. ഇ.കെ, എ.പി വിഭാഗങ്ങള്‍ പരസ്പരം പോരടിക്കുകയാണെങ്കിലും സ്ത്രീകളുടെ പൊതുപ്രവേശമടക്കമുള്ള വിഷയങ്ങളില്‍ ഒരേ നിലപാടാണ് ഇരു സംഘടനകള്‍ക്കുമുള്ളത്.
ലീഗിന്റെ കോട്ടയായ മലപ്പുറം ജില്ലയില്‍ പഴയ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ ലീഗിന്റെ കെ.പി.എ മജീദിനെ തോല്‍പ്പിച്ച് സി.പി.എമ്മിന്റെ ടി.കെ ഹംസയെ വിജയിപ്പിച്ചതിനു പിന്നില്‍ കാന്തപുരം എ.പി വിഭാഗത്തിന്റെ പിന്തുണയായിരുന്നു.
കാന്തപുരം സുന്നികളുടെ പിന്തുണയിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.ടി ജലീല്‍ തവനൂരില്‍ വിജയിച്ചത്. ലീഗ് വിരുദ്ധ രാഷ്ട്രീയനിലപാട് സ്വീകരിക്കുമ്പോഴും മതനിലപാടുകളില്‍ വിട്ടുവീഴ്ചക്ക് കാന്തപുരം വിഭാഗം തയ്യാറാകാറില്ല.
ഇ.കെ സുന്നി നേതൃത്വത്തെ അവഹേളിച്ച മന്ത്രി ജലീലിന്റെ നിലപാടിനെതിരെ ശക്തമായ ഭാഷയിലാണ് കാന്തപുരം എ.പി വിഭാഗം സുന്നി നേതാക്കള്‍ പ്രതികരിച്ചിട്ടുള്ളത്.
സ്ത്രീരംഗപ്രവേശം നിരുത്സാഹപ്പെടുത്തിയ മതമാണ് ഇസ്‌ലാമെന്നും മതവിധികള്‍ക്ക് പുല്ലുവിലയാണെന്നുമൊക്കെ ഒരു മന്ത്രി വിളിച്ചുകൂവുന്നത് ഏതു പാര്‍ട്ടിയുടെ പുരപ്പുറത്ത് കയറിയാണെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ് എന്നാണ് എ.പി സുന്നി വിഭാഗം നേതാവ് എസ്.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചത്. മന്ത്രി കെ.ടി ജലീല്‍ നിരീശ്വരവാദികളെപ്പോലും കടത്തിവെട്ടുകയാണെന്ന് മുസ്‌ലിം ജമാഅത്ത് നേതാവും പ്രഭാഷകനുമായ വടശേരി ഹസന്‍ മുസ്‌ലിയാരും പ്രതികരിച്ചു.
മതം അതിന്റെ നിലപാട് പറയാതിരിക്കില്ലെന്നും അതിനെ എതിര്‍ക്കാന്‍ ജലീലിന്റെ ഇടതുമുന്നണി ബാന്ധവം ഒട്ടുംപോരെന്നും ഒ.എം തരുവണ ജലീലിന് മറുപടി എഴുതി.
ഇ.കെ സുന്നി നേതൃത്വത്തിനു പുറമെ സി.പി.എമ്മിനെ പിന്തുണക്കുന്ന കാന്തപുരം എ.പി സുന്നി വിഭാഗവും പരസ്യമായ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ വനിതാമതിലിലെ പ്രസ്താവനയില്‍ മറുകുറിപ്പുമായി ജലീല്‍ രംഗത്തെത്തിയിട്ടുണ്ട്.
സമസ്തകേരള ജംഇയത്തുല്‍ ഉലമയോടും അതിന്റെ നിസ്വാര്‍ത്ഥരായ പണ്ഡിതരോടും എന്നും ബഹുമാനവും ആദരവും മാത്രമേ തനിക്കുള്ളൂവെന്നും ഇടതുപക്ഷത്തെ അന്ധമായി എതിര്‍ക്കുകയും മുസ്‌ലിം ലീഗിനെ കണ്ണടച്ച് പിന്തുണക്കുകയും ചെയ്യുന്ന സമസ്തയിലെ ചില ലീഗ് തുര്‍ക്കികളുടെ നിലപാടിനോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ കിട്ടുന്നതോ മറ്റേതെങ്കിലും പാര്‍ട്ടിയോട് സഹകരിച്ചുപ്രവര്‍ത്തിച്ചാല്‍ ലഭിക്കാതെ പോകുന്നതോ അല്ല ഇസ്‌ലാം മത വിശ്വാസത്തിലെ മെമ്പര്‍ഷി്‌പ്പെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ജലീലിന്റെ മറുകുറിപ്പും സുന്നി നേതാക്കളെ ശാന്തരാക്കിയിട്ടില്ല. പരമ്പരാഗതമായി ലീഗ് വിരുദ്ധനിലപാടുമായി സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും പിന്തുണക്കുന്ന കാന്തപുരം എ.പി വിഭാഗം എതിരായി തിരിയുന്നത് സി.പി.എം നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാന്തപുരത്തിന്റെ പിന്തുണയില്ലെങ്കില്‍ മലപ്പുറത്തും പൊന്നാനിയിലും ഇടതുമുന്നണിക്ക് പച്ചതൊടാനാവില്ല.
Political Reporter