കോഴിക്കോട്: മുഖം മറച്ചുള്ള വസ്ത്ര ധാരണം വേണ്ടെന്ന എം.ഇ.എസ് കോളേജിന്റെ തീരുമാനത്തില്‍ പിന്തുണയുമായി മന്ത്രി കെ ടി ജലീല്‍. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് കെ ടി ജലീല്‍ പറഞ്ഞു.
ഹജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്ന് ഇസ്ലാം മതം പറയുന്നുമുണ്ട്. ഇങ്ങനെയെല്ലാമായിട്ടും ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്ന് മന്ത്രി അറിയിച്ചു.
വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ മത സംഘടനകള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.
313 നിറങ്ങളില്‍ 786 തരം ബുര്‍ഖകള്‍ നിര്‍മിക്കുന്നുവെന്ന പരസ്യ വാചകം വിശ്വാസത്തെ മുന്‍നിര്‍ത്തി ലാഭം കൊയ്യാനുളള തന്ത്രമാണെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.
അതേസമയം എം.ഇ.എസ് കോളേജിന്റെ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സമസ്തയടക്കമള്ള മുസ്ലീം സംഘടനകളാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. തീരുമാനം വിശ്വാസത്തിന് നേരെയുള്ള കടന്ന് കയറ്റമാണെന്നും എം.ഇ.എസിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സംഘടനകള്‍ പറയുന്നത്.
അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ എം.ഇ.എസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.കെ ഫസല്‍ ഗഫൂറാണ് പുറത്തുവിട്ടത്. എം.ഇ.എസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരോ വിദ്യാര്‍ത്ഥികളോ മുഖംമറച്ച വസ്ത്രം ധരിച്ചെത്തരുത് എന്നായിരുന്നു നിര്‍ദേശം.