മലപ്പുറം: അബ്ദുള്‍ നാസര്‍ മദനിയെ വെറുതെവിടുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്ന മന്ത്രി കെ ടി ജലീലിന്റെ പരാമര്‍ശം വിവാദത്തില്‍. കഴിഞ്ഞ ദിവസം ബംഗളുരുവിലെത്തി മദനിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിനെതിരെ വ്യാപകവിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വിചാരണ നീട്ടിക്കൊണ്ടുപോകുന്നത്, മദനി നിരപരാധിയാണെന്നതിന് തെളിവാണെന്ന് ജലീല്‍ പറയുന്നു.
‘കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബിജെപിക്ക് പഠിക്കുകയാണെന്ന് പറഞ്ഞാല്‍ ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. ജീവിതത്തിനും മരണത്തിനുമിടയിലിട്ടുള്ള ഈ പീഡനം സഹിക്കാവുന്നതിലും അപ്പുറമാണ്.’- ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
മദനിയെ കൈമാറുമ്പോള്‍ ഭരണത്തിലുണ്ടായിരുന്നത് ഇടതുസര്‍ക്കാരാണെന്ന് വിമര്‍ശകര്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കാതെ മദനിയെ മോചിപ്പിക്കാന്‍ ജലീല്‍ തയ്യാറാകണമെന്നും കമന്റുകള്‍ പറയുന്നു.
ബംഗളുരു സ്‌ഫോടനക്കേസിലെ 31ാം പ്രതിയാണ് മദനി. നഗരം വിട്ടുപോകരുതെന്ന ഉപാധിയില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് മദനി. കേസില്‍ വിചാരണ അനന്തമായി നീളുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം മദനി പറഞ്ഞിരുന്നു.