മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിൽ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂനിയൻ. കേസിൽ വിചാരണ നേരിടുന്നയാളെ കോടതി വിധി വരുന്നതിനു മുൻപുതന്നെ ഉന്നത പദവിയിൽ നിയമിച്ചത് അനുചിതമാണെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും പ്രസ്താവനയിൽ വിമർശിച്ചു.
കൊലപാതക കേസിൽ ഒന്നാം പ്രതിയായി സർക്കാർ തന്നെ കുറ്റപത്രം നൽകിയ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമൻ. അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിച്ച അവസരത്തിലും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമിച്ച അവസരത്തിലും യൂനിയൻ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോൾ ജനങ്ങളുമായും മാധ്യമ പ്രവർത്തകരുമായും കൂടുതൽ ഇടപെടേണ്ട കലക്ടറായാണ് നിയമിച്ചിരിക്കുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.