ന്യൂഡല്‍ഹി: കെ വി തോമസ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാകും. ഇതു സംബന്ധിച്ച ശുപാര്‍ശയ്ക്ക് ഹൈക്കമാന്റ് അംഗീകാരമായി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു.
തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു. മറ്റ് പ്രതികരണം അറിയിപ്പ് ലഭിച്ച ശേഷമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ അവഗണിക്കുന്ന കോണ്‍ഗ്രസ് നീക്കങ്ങളില്‍ അസംതൃപ്തനായ കെ വി തോമസ് പാര്‍ട്ടി വിടുകയാണെന്ന അഭ്യൂഹം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. തോമസ് ഇടത്തേക്ക് ചായുകയാണെന്ന സൂചനകള്‍ ശക്തമായതോടെ സോണിയാ ഗാന്ധി നേരിട്ട് അനുനയനീക്കം നടത്തുകയായിരുന്നു. സോണിയയുടെ നിര്‍ദ്ദേശപ്രകാരം കെ വി തോമസ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തി ഹൈക്കമാന്‍ഡ് പ്രതിനിധികളെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസം ഉണ്ടെന്നാണ് ആ ചര്‍ച്ചയ്ക്ക് ശേഷം കെവി തോമസ് പറഞ്ഞത്. പരാതികള്‍ ഉണ്ട്, അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പരാതി പരിഹാര ഫോര്‍മുലയൊന്നും മുന്നോട്ട് വച്ചിട്ടില്ലെന്നും കെവി തോമസ് അന്ന് പറഞ്ഞിരുന്നു.