ഐ.എ.എസ്. തലപ്പത്ത് അഴിച്ചുപണി;കെ വാസുകിക്ക് ഗതാഗത വകുപ്പിന്റെ അധിക ചുമതല

​സംസ്ഥാനത്തെ ഐ.എ.എസ്. തലപ്പത്ത് അഴിച്ചുപണി. ഗതാ​ഗതമന്ത്രി കെ.ബി.​ഗണേഷ് കുമാറുമായുള്ള ഭിന്നതയെ തുടര്‍ന്ന് പദവിയിൽ മാറ്റം ആവശ്യപ്പെട്ട ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. കെ. വാസുകിക്കാണ് ഗതാഗത വകുപ്പിന്റെ അധിക ചുമതല. ലോക കേരള സഭയുടെ ഡയറക്ടര്‍ പദവി കൂടി അവർ വഹിക്കും.

മുഖ്യമന്ത്രിക്ക് കീഴിലുള്ള മെട്രോ, വ്യോമകാര്യം, മന്ത്രി വി.അബ്ദുറഹ്‌മാന് കീഴിലുള്ള സംസ്ഥാനതല റെയിൽവേ കാര്യം എന്നിവയിലും ദേവസ്വം മന്ത്രിക്കു കീഴിലുള്ള ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളുടെ കമ്മിഷണറുടെ ചുമതലയിലും ബിജു പ്രഭാകർ തുടരും. അതേസമയം കെ.എസ്.ആർ.ടി.സി.യുടെ സി.എം.ഡി.സ്ഥാനത്ത് അദ്ദേഹം തുടരുമോയെന്നതിൽ വ്യക്തതയില്ല. അര്‍ജ്ജുൻ പാണ്ഡ്യനെ പുതിയ ലേബര്‍ കമ്മീഷണറായും സൗരഭ് ജയിനിനെ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയായും നിയമിച്ചു.

നേരത്തെ ഗതാഗത സെക്രട്ടറി, കെ.എസ്.ആർ.ടി.സി സി.എം.ഡി, കെ.ടി.ഡി.എഫ്.സി ചെയർമാൻ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ബിജു പ്രഭാകർ കത്ത് നൽകിയിരുന്നു. മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതകളാണ് ഇതിനു കാരണമെന്നായിരുന്നു വിവരം. സർക്കാർ പണം അനുവദിക്കാത്തതിന്റെ പേരിൽ കഴിഞ്ഞ വർഷം ജൂലായിലും കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനമൊഴിയാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

 

Top