തൂത്തുക്കുടിയില്‍ പൊലീസ് വെടിവയ്പിനെ ന്യായീകരിച്ച രജനി . . സിനിമയില്‍ ‘കലഹിച്ചു’

Rajinikanth's Kaala

വനിര്‍മാണ സേനാതലവന്‍ രാജ് താക്കറെയോടു സാദൃശ്യമുള്ള വില്ലന്‍ ഹരിനാഥ് ദേശായിയെ ഗംഭീരമായി അവതരിപ്പിച്ച് നാനാ പടേക്കര്‍ , രാഷ്ട്രീയ – മാഫിയ കൂട്ടുകെട്ടിനെതിരെ പോരാടുന്ന ധാരാവിയിലെ ഹീറോ കാലാ . .

ഇവര്‍ ഏറ്റുമുട്ടുന്ന സിനിമയെ കുറിച്ച് വാനോളമാണ് പ്രതീക്ഷയെങ്കിലും സിനിമ കണ്ടിറങ്ങിയാല്‍ കടുത്ത രജനി ആരാധകന് പോലും നിരാശയുണ്ടാകും.

രജനി സിനിമകളുടെ ചരിത്രത്തില്‍ ഇന്നുവരെ വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും അടി മേടിച്ചാല്‍ തിരിച്ചു കൊടുത്ത ചരിത്രമേയുള്ളൂ. എന്നാല്‍ കാലായില്‍ പ്രധാന വില്ലന്‍ നാനാ പടേക്കറെ രജനി തൊടുന്നു പോലുമില്ല. ഡയലോഗുകളും മാസല്ല.

സ്വന്തം ഭാര്യയും മകനുമടക്കമുള്ളവരെ കൊല്ലുന്ന വില്ലന്‍ അവസാനം മരിക്കുന്നതായി ചാനല്‍ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ വെളിപ്പെടുത്തുന്നത് പ്രേക്ഷകര്‍ക്ക് ദഹിച്ചിട്ടില്ല.

ക്ലൈമാക്‌സിനായി ഒരുക്കിയ ‘നിറക്കൂട്ടുകളും’ ശരിക്കും ബോറായി. ടി.വി ഗെയിം ചിത്രീകരിക്കുന്ന പോലെ ആയിപ്പോയി ഇതെന്ന വിമര്‍ശനവും പ്രേക്ഷകര്‍ക്കിടയിലുണ്ട്.

തൂത്തുക്കുടിയില്‍ പൊലീസ് വെടിവയ്പിനെ ന്യായീകരിച്ച രജനി സിനിമയില്‍ പൊലീസ് വെടിവയ്പിന്റെ കെടുതികള്‍ ശരിക്കും അനുഭവിക്കുന്നുണ്ട്. പൊലിസിന്റെ ഇടിയും നായകന്‍ ഏറ്റു വാങ്ങുന്നുണ്ട്.

എല്ലാത്തിനും സമരവുമായി രംഗത്തിറങ്ങിയാല്‍ തമിഴ്‌നാട് ശവപ്പറമ്പായി മാറുമെന്നും വ്യവസായ സൗഹൃദാന്തരീക്ഷം ഇല്ലാതാകുമെന്നും തൂത്തുക്കുടി സന്ദര്‍ശന വേളയില്‍ ശക്തമായി ആഞ്ഞടിച്ച രജനീകാന്ത് സിനിമയില്‍ ഇതിനും നേരെ വിപരീതമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

ധാരാവിയില്‍ ടൗണ്‍ഷിപ്പ് കൊണ്ടുവരാനുള്ള നീക്കത്തെ രജനിയുടെ ‘കാലാ’ കഥാപാത്രം എതിര്‍ക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നത്.

മണ്ണിന്റെ മക്കള്‍ വാദത്തില്‍ മറാത്തികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന ശിവസേനയുടെയും നവനിര്‍മ്മാണ സേനയുടെയും വാദങ്ങള്‍ക്ക് സമാനമായ നിലപാട് സ്വീകരിച്ച നാനാ പടേക്കര്‍ അവതരിപ്പിച്ച ഹരിനാഥ് ദേശായിയുടെ കഥാപാത്രമാണ് രജനിയേക്കാള്‍ ഒരുപടി ഉയര്‍ന്ന് നില്‍ക്കുന്നത് എന്ന് നിസംശയം പറയാം.

ദളിത് ആക്ടീവിസ്റ്റായ സംവിധായകന്‍ പാ രഞ്ജിത്ത് ദളിത് രാഷ്ട്രീയം കാലായുടെ മകന്‍ ലെനിനിലൂടെയാണ് പറയാന്‍ ശ്രമിക്കുന്നത്.

അതേസമയം രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷമുള്ള രജനിയുടെ ആദ്യ സിനിമ തന്നെ അദ്ദേഹത്തിന് അഗ്‌നിപരീക്ഷണമാകുമെന്നാണ് പ്രേക്ഷക പ്രതികരണത്തില്‍ നിന്നും ലഭിക്കുന്ന സൂചന. തമിഴകത്തും മുന്‍ രജനി സിനിമകള്‍ക്ക് ലഭിക്കുന്ന ‘വമ്പന്‍’ സ്വീകരണമല്ല കാലായ്ക്ക് ലഭിച്ചിരിക്കുന്നത്.

രജനിയുടെ തൂത്തുക്കുടി പ്രതികരണത്തിലൂടെ തമിഴ് മനസ്സുകളില്‍ വീണ ‘കറുപ്പ് പൊട്ട് കാലായുടെ കാലക്കേടായി മാറുമോ എന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യക്തമാകും.

റിപ്പോര്‍ട്ട്: ടി.അരുണ്‍ കുമാര്‍

Top