തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ബി.ജെ.പി തന്ന ലിസ്റ്റില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേര് ഇല്ലായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ബിജെപിയുടെ ലിസ്റ്റില്‍ എ.എന്‍.രാധാകൃഷ്ണന്റെ പേരാണ് ഉണ്ടായിരുന്നതെന്നും, ബി.ജെ.പിക്കുള്ളിലെ പ്രശ്‌നങ്ങളാവാം ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്നെ കാണാനെത്തിയ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താത്തതെന്തുകൊണ്ടാണെന്ന് മോദി ചോദിച്ചിരുന്നു.
അതേസമയം, തന്നെ ഉള്‍പ്പെടുത്താത്തതില്‍ വിഷമമില്ലെന്ന് കണ്ണന്താനം പ്രതികരിച്ചു. കേരളവുമായും അവിടത്തെ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ തന്നെ കൂടിക്കാഴ്ചയിലേക്ക് ക്ഷണിക്കാത്തതില്‍ ഖേദമില്ല. തന്നെ ക്ഷണിക്കാതിരുന്ന വിഷയത്തില്‍ ജനങ്ങള്‍ മറുപടി പറയട്ടെയെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.