കൊച്ചി: കാത്തിരിപ്പിനൊടുവില്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം കബാലി തിയ്യേറ്ററുകളിലെത്തി. ആരാധകരെ ഇളക്കിയ കബാലിയെ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചും പുലര്‍ച്ചെ തന്നെ ആരാധകര്‍ ആഘോഷമാക്കി.
കബാലി ആദ്യഷോ തന്നെ കാണുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുതന്നെ ആരാധകര്‍ തിയ്യേറ്ററിലെത്തിയിരുന്നു. പുലര്‍ച്ചെയായിരുന്നു ആദ്യഷോ. ഷോയ്ക്കു മുമ്പേ തീയറ്ററിലെത്തിയ ആരാധകര്‍ ചിത്രത്തിന്റെ ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്തി.
അതേസമയം ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. രജനീ ആരാധകര്‍ ആവേശപൂര്‍വ്വം പ്രതീക്ഷിച്ചിരുന്ന ഇഫക്ട് കബാലി നല്‍കുന്നില്ല എന്നതാണ് ചിത്രം കണ്ടിറങ്ങിയ പലരുടേയും അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്. രജനി എന്ന അതിമാനുഷന്‍ നായകനായെത്തുമ്പോള്‍ ചിത്രത്തിന് ഉണ്ടാകുമെന്ന് കരുതിയ പഞ്ച് കണ്ടില്ല എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.
വളരെ മന്ദഗതിയിലാണ് ചിത്രത്തിന്റെ പോക്കെന്ന് നിരാശാബോധത്തോടെ ഇവര്‍ പരിതപിക്കുന്നു. പ്രതീക്ഷകളുടെ അമിത ഭാരവുമായി കബാലി കാണാന്‍ കഷ്ടപ്പെട്ട് തിയേറ്ററുകളിലെത്തുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം എന്ന് കണ്ടിറങ്ങിയവര്‍ സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍ ഇതിന് നേര്‍വിപരീത അഭിപ്രായം പ്രകടിപ്പിക്കുന്നവരും ചിത്രം കണ്ടിറങ്ങിയവരില്‍ ഉണ്ട്. ഇവര്‍ക്ക് ചിത്രത്തിലെ ഹിറ്റ് വാക്ക് പോലെ നെരുപ്പ് തന്നെയാണ് ചിത്രവും. ചിത്രം പതിവ് രജനി പടം പോലെ ആക്ഷനില്‍ മാത്രം ഒതുങ്ങുന്നില്ല. ചിത്രം റിയലിസ്റ്റിക് ആണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ആര്‍പ്പുവിളികള്‍ക്കൊപ്പം മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സീനുകളും പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ ബ്രഹ്മാണ്ഡ രജനി ചിത്രത്തില്‍ ഉണ്ടെന്ന് അനുകൂലികള്‍ പറയുന്നു.
ആദ്യഷോ കാണാന്‍ തിക്കിത്തിരക്കി വന്നവരില്‍ ഭൂരിഭാഗവും നിരാശയോടെ നില്‍ക്കുന്നതായാണ് ഭൂരിഭാഗം തീയറ്ററുകളിലെയും കാഴ്ച. നേരത്തേ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പല തിയറ്ററുകളിലും ടിക്കറ്റ് ലഭ്യമായത്. ലോകമാകെ 4,000 തിയ്യേറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്.
കേരളത്തില്‍ റിലീസ് ചെയ്ത 306 കേന്ദ്രങ്ങളിലും പുലര്‍ച്ചെ മുതല്‍ വലിയ ആള്‍ത്തിരക്കാണ് കാണാനാവുന്നത്. ആദ്യദിവസത്തെ കളക്ഷന്‍ കൊണ്ടുതന്നെ ചിത്രം റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുമെന്നാണ് കരുതുന്നത്.