Kabali will change the future of Tamilnadu; Potential speculation about Rajani’s political entry

ചെന്നൈ: ഇന്ത്യന്‍ സിനിമ മേഖലയില്‍ ചരിത്രം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രം കബാലി വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും.

കേരളമുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം തിയേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് ഇത് റിക്കാര്‍ഡാണ്.

റിലീസിന് മുന്‍പ് തന്നെ 200 കോടിയിലധികം രൂപ കളക്ട് ചെയത് കബാലി പുതിയ ചരിത്രവും സൃഷ്ടിച്ചു.

അധോലോക രാജാവിന്റെ കഥ പറയുന്ന കബാലി രജനിക്ക് പുതിയ സിംഹാസനമൊരുക്കുമെന്നാണ് പറയപ്പെടുന്നത്.

തമിഴക രാഷ്ട്രീയത്തില്‍ രജനി ഇറങ്ങുമെന്ന അഭ്യൂഹം നേരത്തെ പല തവണ ഉയര്‍ന്നിരുന്നുവെങ്കിലും ‘തന്റെ വഴി തനി വഴി’യെന്ന് പറഞ്ഞ് രാഷ്ട്രീയത്തോട് മുഖം തിരിക്കുകയാണ് രജനി ചെയ്തിരുന്നത്.

സിനിമാ അഭിനയത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയ രജനി ഏറ്റവും ഒടുവില്‍ അഭിനയിച്ച ലിംഗ പരാജയമായിരുന്നു. മകളുടെ മേല്‍നോട്ടത്തില്‍ അഭിനയിച്ച ആനിമേഷന്‍ ചിത്രം കൊച്ചടിയാനും തകര്‍ന്നടിഞ്ഞു.

നേരത്തെ ശങ്കര്‍ ചിത്രമായ യന്തിരന്‍ നല്‍കിയ ഇമേജിനെ ബാധിക്കുന്നതായിരുന്നു ഈ രണ്ട് പരാജയങ്ങള്‍.

എന്നാല്‍ ഇതിനെല്ലാം തക്ക മറുപടി നല്‍കി ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരികയാണ് കബാലിയിലൂടെ രജനി.

ചിത്രത്തിന്റെ ട്രെയിലര്‍ തന്നെ ലോക സിനിമാ മേഖലയെ ഞെട്ടിച്ച് കൊണ്ട് തരംഗമായിരുന്നു.

പണം മുടക്കാതെ തന്നെ വന്‍ പബ്ലിസിറ്റിയാണ് ഇതിനോടകം കബാലിക്ക് ലഭിച്ചിരിക്കുന്നത്.

ഈ ചിത്രത്തിന് ശേഷം ശങ്കറിന്റെ തന്നെ യന്തിരന്‍ 2വിലാണ് രജനി അഭിനയിക്കുന്നത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനി രാഷ്ട്രീയത്തില്‍ ഇറങ്ങിയേക്കുമെന്നാണ് ഇപ്പോള്‍ ഏറ്റവും പുതുതായി തമിഴകത്ത് നിന്ന് ലഭിക്കുന്ന വാര്‍ത്ത.

ഇനി ഒരു തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകാനുള്ള ‘മോഹം’ ഡിഎംകെ നേതാവ് കരുണാനിധിക്കോ മുഖ്യമന്ത്രി ജയലളിതക്കോ ഉണ്ടാവാന്‍ സാധ്യതയില്ല എന്നതും രജനിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയകാന്തിന്റെ ഡിഎംഡികെ ദയനീയമായി തകര്‍ന്നടിഞ്ഞതും കരുണാനിധിയുടെ പിന്‍ഗാമി സ്റ്റാലിന് അത്ര പിന്‍തുണയില്ലാത്തതും തന്റെ പിന്‍ഗാമിയെ കുറിച്ച് ഇതുവരെ ജയലളിത മനസ്സ് തുറക്കാത്തതുമെല്ലാം രജനിയുടെ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

തമിഴകത്ത് ലക്ഷക്കണക്കിന് ആരാധകരുള്ള രജനി ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ പോലും ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

കബാലി വന്‍വിജയം നേടിയാല്‍ സൂപ്പര്‍ സ്റ്റാറിന്റെ മനസ്സ് മാറുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.

ഇനി രാഷ്ട്രീയത്തിലിറങ്ങണമെന്ന് രജനി തീരുമാനിക്കുകയാണെങ്കില്‍ നിരുത്സാഹപ്പെടുത്തേണ്ടതില്ലെന്നാണ് കുടുംബത്തിന്റെയും തീരുമാനമത്രെ.

Top