കാബൂള്‍: താലിബാനെ സമാധാന ചര്‍ച്ചകളിലേക്കു നയിക്കാന്‍ അഫ്ഗാനിസ്ഥാന്‍ റഷ്യയുടെ സഹായം അഭ്യര്‍ഥിച്ചു. ഇതു സംബന്ധിച്ച് കാബൂളിലെ റഷ്യന്‍ സ്ഥാനപതിയുമായി അഫ്ഗാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ ചര്‍ച്ച നടത്തി. അതേസമയം, സെപ്റ്റംബര്‍ നാലിന് മോസ്‌കോയില്‍ നടക്കുന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താലിബാന്‍ സന്നദ്ധത അറിയിച്ചതായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനുശേഷമാണ് അഫ്ഗാന്‍ സുരക്ഷാ ഉപദേഷ്ടാവ് ഹനിഫ് അത്മര്‍ റഷ്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയത്. മൂന്നു മാസത്തേക്കു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ ആവശ്യം കഴിഞ്ഞയാഴ്ച താലിബാന്‍ തള്ളിയിരുന്നു. ഈ യുദ്ധത്തില്‍ തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതു തുടരുമെന്നും താലിബാന്റെ കമാന്‍ഡര്‍മാര്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഇതിനു തൊട്ടുപിന്നാലെ താലിബാന്‍ നടത്തിയ ഭീരാക്രമണത്തില്‍ നൂറുകണക്കിനുപേര്‍ കൊല്ലപ്പെട്ടിരുന്നു.