kadakam pally land case; cbi case sheet

തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി മടക്കി. എഫ്.ഐ.ആറില്‍ പേരു ചേര്‍ക്കപ്പെട്ട 22 പേരെ ഒഴിവാക്കിയതെന്താണന്ന് ചോദിച്ച കോടതി ഇവരെക്കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ഒഴിവാക്കിയതിന്റെ കാരണം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേക കോടതി ജഡ്ജി പി.വി ബാലകൃഷ്ണന്റേതാണ് നിരീക്ഷണം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെയും ഭാര്യ ഷംസാദിനെയും ഒഴിവാക്കിയായിരുന്നു സി.ബി.ഐ. കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ സലിംരാജ് അടക്കം 27 പ്രതികളുണ്ടായിരുന്നു. എന്നാല്‍, സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിദ്യോദയ കുമാര്‍ അടക്കം അഞ്ചു പ്രതികള്‍ മാത്രമാണുള്ളത്. വിദ്യോദയ കുമാറിനെ കൂടാതെ നിസാര്‍ അഹമ്മദ്, സുഹറാ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി എന്നിവരെയാണ് സി.ബി.ഐ. കുറ്റപത്രത്തില്‍ പ്രതിയാക്കിയിരിക്കുന്നത്.

കടകംപള്ളി വില്ലേജിലെ 170 പേരുടെ 45.50 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്. കേസിലെ 21, 22 പ്രതികളായിരുന്നു സലിംരാജും ഭാര്യ ഷംസാദും.

കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍. ഭൂമിയുടെ തണ്ടപ്പേര് മാറ്റാന്‍ 60 ലക്ഷത്തോളം രൂപ ചെലവിട്ടതായും സി.ബി.ഐ.യുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ആദ്യം വിജിലന്‍സാണ് കേസന്വേഷിച്ചത്. പിന്നീട് കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടു.

മൂന്നുവര്‍ഷം നീണ്ടുനിന്ന വിവാദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവിലാണ് സി.ബി.ഐ. സലീംരാജിനെ കുറ്റവിമുക്തനാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

കഴിഞ്ഞവര്‍ഷം ജൂണില്‍ സലീംരാജ് ഉള്‍പ്പെടെ 10 പേരെ അറസ്റ്റുചെയ്തിരുന്നു. പിന്നീട് ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.
പ്രതികള്‍ക്കെതിരെ വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്

Top