ന്യൂഡല്‍ഹി : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കേണ്ട പരിപാടി രാജ്യനിലവാരത്തിന് യോജിച്ചതല്ലന്ന് കേന്ദ്രസഹമന്ത്രി വി.കെ സിങ്.
പ്രോട്ടോകോള്‍ അനുസരിച്ചുള്ള ഉദ്യോഗസ്ഥനല്ല മന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. താഴ്ന്ന ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്ക് അനുമതി നല്‍കിയ കീഴ്‌വഴക്കമില്ലെന്നും വി.കെ സിങ് പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദര്‍ശനവിലക്കില്‍ വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.
ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് പോകുന്നതിനാണ് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്രത്തിന്റെ അനുമതി തേടിയത്.
സംസ്ഥാന മന്ത്രിമാരുടെ യാത്രകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ഉന്നതല ഉദ്യോഗസ്ഥരാണ്. സെപ്തംബര്‍ 11 മുതല്‍ 16 വരെ ചൈനയില്‍ നടക്കാനിരിക്കുന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുമുള്ള സംഘത്തെ നയിക്കാനിരുന്നത് മന്ത്രി സുരേന്ദ്രനായിരുന്നു.
ഇതിനുള്ള അനുമതിക്കായാണ് കേന്ദ്രത്തെ സമീപിച്ചത്. യുഎന്‍ സംഘടിപ്പിക്കുന്ന യോഗമാണിത്. മന്ത്രി ഒഴിച്ച് സംഘത്തിലുള്ള മറ്റുള്ളവര്‍ക്ക് ചൈനയിലേക്ക് പോകുന്നതിനുള്ള അനുമതിയുണ്ട്.