തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസം തിരുവനന്തപുരം കാട്ടായിക്കോണത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാട്ടായിക്കോണത്ത് പൊലീസ് കാണിച്ചത് അന്യായമാണെന്നും കടകംപള്ളി പറഞ്ഞു.
ഇന്നലത്തെ സംഭവം ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല. പ്രദേശത്ത് രാവിലെ ചെറിയ രീതില്‍ പ്രശ്നമുണ്ടായിരുന്നു. അത് വലിയ പ്രശ്നമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടന്നു. വൈകിട്ടോടെ പോത്തന്‍കോട് സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് കടകംപള്ളി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ പതിനാല് സീറ്റുകളിലും പ്രതീക്ഷയുണ്ട്. ഇടതുപക്ഷത്തിന് അനുകൂലമായ തരംഗം തലസ്ഥാന നഗരത്തില്‍ ഉണ്ടായിട്ടുണ്ട്. പ്രതീക്ഷിക്കാത്ത തരത്തിലുള്ള വോട്ടിംഗ് പാറ്റേണ്‍ കാണാന്‍ സാധിച്ചു. കണക്കുകള്‍ക്ക് അപ്പുറമുള്ള വിജയമായിരിക്കും ഉണ്ടാകുകയെന്നും കടകംപള്ളി പറഞ്ഞു. ബിജെപിക്ക് ജില്ലയില്‍ ഒരു സീറ്റ് പോലും ലഭിക്കില്ല. അവര്‍ക്ക് ആകെ പ്രതീക്ഷിക്കാനുള്ളത് നേമമാണ്. അവിടെ ശിവന്‍കുട്ടി വിജയിക്കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.