തിരുവനന്തപുരം: ചൈന യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
വെറുതെ ചൈന കാണാന്‍ പോകാനല്ല അനുമതി ചോദിച്ചതെന്നും കേരളത്തിലെ ടൂറിസത്തെ അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയിലൂടെ നഷ്ടമായതെന്നും കടകംപള്ളി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
സങ്കുചിത രാഷ്ട്രീയ ചിന്ത നാടിന്റെ നല്ല കാര്യങ്ങള്‍ക്ക് ഗുണകരമല്ല എന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഐക്യരാഷ്ട്രസഭ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ഇത്തവണ ചൈനയില്‍ വെച്ച് ഈ മാസം 11 മുതല്‍ 16 വരെ സംഘടിപ്പിക്കുന്ന ഇരുപത്തിരണ്ടാമത് ജനറല്‍ അസംബ്ളിയില്‍ കേരള ടൂറിസത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ ക്ഷണമുണ്ടായിരുന്നു. UNWTO സെക്രട്ടറി ജനറല്‍ നേരിട്ട് തന്നെ കത്തെഴുതി ക്ഷണിക്കുകയായിരുന്നു. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത അംഗീകാരമാണ് അന്തര്‍ദേശീയ തലത്തില്‍ നമ്മെ തേടിയെത്തിയത്.
ഉത്തരവാദ ടൂറിസം രംഗത്ത് മുന്നേറുന്ന കേരളത്തിനെ ആഗോളതലത്തില്‍ അംഗീകരിക്കുകയും പുരസ്കാരങ്ങള്‍ നല്‍കുകയും ചെയ്ത UNWTO കേരളത്തിന്റെ മുന്നേറ്റവും സാധ്യതകളുും തിരിച്ചറിഞ്ഞാണ് ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. UNWTO സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ചക്കും ചര്‍ച്ചയ്ക്കും അവസരമുണ്ടാകുമെന്നും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ സമയ പ്രതിനിധികളുടെ പട്ടികയില്‍ നമ്മുടെ രാജ്യത്ത് നിന്ന് എന്നെ കൂടാതെ കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി ശ്രീ. സുമന്‍ ബില്ല, കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. കെ സുമന്‍ എന്നിവരുമാണ് ഉണ്ടായിരുന്നത്.
ഈ സുപ്രധാനമായ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഞാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സിന് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ മാസം ആദ്യം തന്നെ ഈ അപേക്ഷ നല്‍കിയെങ്കിലും ഇന്നലെ അനുമതി നിഷേധിക്കുന്നതായി അറിയിപ്പ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുകയായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് ഈ അനുമതി നിഷേധിക്കല്‍ എങ്കില്‍ അത് വ്യക്തമാക്കാമായിരുന്നു. എന്റെ ഓഫീസും, ടൂറിസം വകുപ്പും ഇക്കാര്യം അന്വേഷിച്ചെങ്കിലും കാരണം വ്യക്തമാക്കാന്‍ കേന്ദ്ര മന്ത്രാലയം തയ്യാറായില്ല. കേരളത്തിലെ ടൂറിസത്തെ അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാന്‍ ഉള്ള അവസരമാണ് ഇതിലൂടെ നഷ്ടമായത്. സങ്കുചിത രാഷ്ട്രീയചിന്ത നാടിന്റെ നല്ല കാര്യങ്ങള്‍ക്ക് ഗുണകരമല്ല എന്നു മാത്രം പറയാം. ഞാന്‍ ബഹുമാനിക്കുന്ന രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീമതി. സുഷമ സ്വരാജ്. ആ വകുപ്പില്‍ നിന്ന് ഇത്തരമൊരു നിലപാട് ഉണ്ടായത് ഖേദകരമാണ്. ഇനി ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്താന്‍ സമയമില്ല. എങ്കിലും ഇക്കാര്യം പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍ എത്തിക്കും.
നമ്മുടെ സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ മോശമായ സാഹചര്യമാണ് ഇപ്പോഴുണ്ടായത്. യുഎന്‍ തലത്തിലുള്ള സുപ്രധാനമായ ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കാനും, നമ്മുടെ സുസ്ഥിര ടൂറിസവും, ഉത്തരവാദിത്ത ടൂറിസവും ലോകശ്രദ്ധയില്‍ കൊണ്ടുവരാനുമുള്ള അവസരം ഇല്ലാതായത് നിസ്സാരമല്ല. UNWTO സെക്രട്ടറി ജനറല്‍ എനിക്ക് അയച്ച ക്ഷണക്കത്ത് ഇതിനൊപ്പം ചേര്‍ക്കുന്നു. ചൈന വെറുതെ കാണാന്‍ പോകാനല്ല ഞാന്‍ കേന്ദ്രസര്‍ക്കാരിനോട് അനുമതി ചോദിച്ചത് എന്നത് മാത്രം വിനയത്തോടെ ഓര്‍മ്മിപ്പിക്കട്ടെ.