തിരുവനന്തപുരം: തലസ്ഥാനത്ത് റോഡ് ഗതാഗതം തടസപ്പെടുത്തി ജനജീവിതം സ്തംഭിപ്പിക്കുകയും യാത്രക്കാരന്റെ ജീവനെടുക്കുകയും ചെയ്ത കെഎസ്ആര്‍സി മിന്നല്‍ പണിമുടക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. സമരത്തിന്റെ പേരില്‍ നടന്നത് വലിയ അക്രമമാണെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുഴഞ്ഞുവീണ് മരിച്ച സുരേന്ദ്രന്റെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
മരിച്ച സുരേന്ദ്രന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സമരക്കാര്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. മര്യാദകേടാണ് നടന്നതെന്നും കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തുന്നതിന് ജനങ്ങളുടെ നികുതിപ്പണമാണുപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമരത്തിന്റെ പേരില്‍ അന്യായങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കെഎസ്ആര്‍ടിസിയിലെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ഒരാള്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിന് ജില്ലാ കളക്ടര്‍ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. കെഎസ്ആര്‍ടിസി എംഡിയോടും പൊലീസ് കമ്മിഷണറോടും ജില്ലാ കളക്ടര്‍ സംസാരിച്ചു. മിന്നല്‍ സമരങ്ങളോ പൊതുനിരത്തു കയ്യേറിയുള്ള സമരങ്ങളോ അനുവദിക്കില്ലെന്ന് കലക്ടര്‍ പറഞ്ഞു.
യാത്രക്കാരന് കുഴഞ്ഞുവീണ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഓട്ടോഡ്രൈവറെ മര്‍ദ്ദിച്ചതിനും സ്വകാര്യ ബസുടമകളുടെ പരാതിയിലും വാഹനഗതാഗതം തടസപ്പെടുത്തിയതിനും സമരക്കാര്‍ക്ക് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. തമ്പാനൂര്‍, ഫോര്‍ട്ട് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു.
സ്വകാര്യബസിന്റെ ക്രമക്കേട് തടഞ്ഞ ഡിടിഒ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണു കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. തലസ്ഥാന നഗരത്തെ ആറ് മണിക്കൂറോളം നിശ്ചലമാക്കി നടുറോഡില്‍ ബസുകള്‍ നിരയായി നിര്‍ത്തിയിട്ട് ദേശീയപാത വഴിയുള്ള ഗതാഗതം തടസപ്പെടുത്തിയ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.