kadakampally surendran on bar issue

kadakampally-surendran

തിരുവനന്തപുരം: ദേശീയ – സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിച്ച സുപ്രീംകോടതി വിധി സംസ്ഥാനത്തെ വിനോദസഞ്ചാര രംഗത്തെ തകര്‍ക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ബാര്‍ ഹോട്ടലുകളെയോ, ബിയര്‍ പാര്‍ലറുകളെയോ മാത്രമല്ല ഈ വിധി ദോഷകരമായി ബാധിക്കുന്നത്. ടൂറിസ്റ്റ് ടാക്‌സി അടക്കമുള്ള തൊഴില്‍ മേഖലകള്‍ക്കും, വ്യാപാരമേഖലയ്ക്കും ഇത് തിരിച്ചടിയാണ്. കോണ്‍ഫറന്‍സ് ടൂറിസം രംഗത്ത് കേരളത്തിനുള്ള മേല്‍ക്കൈ ഇതോടെ ഇല്ലാതാകുന്ന സ്ഥിതിയാണ്.

അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ മാത്രമല്ല, ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള കോണ്‍ഫറന്‍സുകള്‍ വരെ നിലവിലെ സാഹചര്യത്തില്‍ റദ്ദ് ചെയ്യപ്പെടുന്ന അവസ്ഥയാണ്. വിനോദസഞ്ചാര രംഗതത്ത് നിക്ഷേപം നടത്തിയിട്ടുള്ളവരും പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

കോടികള്‍ മുടക്കി നിര്‍മ്മിച്ച ഹോട്ടല്‍ കെട്ടിടങ്ങളും, റിസോര്‍ട്ടുകളും ഒക്കെ അതിഥികളെ കിട്ടാതെ പൂട്ടിയിടേണ്ട ഗതികേടുണ്ടാകുമെന്നാണ് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അത് തൊഴിലാളികളെയും പെരുവഴിയിലാക്കും. മൂന്നാര്‍, തേക്കടി, കുമരകം, കോവളം എന്നിവിടങ്ങളിലെ കെ.ടി.ഡി.സിയുടെ പ്രീമിയം ഹോട്ടലുകളിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെയും സുപ്രീംകോടതി വിധി സാരമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നതെന്നും കടകംപള്ളി പറഞ്ഞു

സംസ്ഥാനത്ത് കെടിഡിസി നടത്തുന്ന 40 ബിയര്‍ പാര്‍ലറുകളില്‍ 29 എണ്ണവും സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നു. ഈ സാമ്പത്തിക വര്‍ഷം 48 കോടി രൂപ വിറ്റുവരവും, 12.13 കോടി രൂപ പ്രവര്‍ത്തനലാഭവും കെടിഡിസി ബിയര്‍ പാര്‍ലറുകളില്‍ നിന്ന് പ്രതീക്ഷിച്ചതാണ്. ഇതുമൂലം സംസ്ഥാന സര്‍ക്കാരിന് കെടിഡിസിയില്‍ നിന്നുള്ള അഞ്ച് കോടിയോളം രൂപയുടെ നികുതി നഷ്ടമാകും. കേന്ദ്രസര്‍ക്കാരിന് കെടിഡിസി വഴി സര്‍വീസ് ടാക്‌സ് ഇനത്തില്‍ കിട്ടേണ്ട ഒരു കോടി രൂപയും നഷ്ടമാകും. 506 തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും.

ഇതില്‍ സ്ഥിരംജീവനക്കാരും, നേരിട്ട് കോണ്‍ട്രാക്ട് നിയമനം കിട്ടിയവരുമടക്കമുള്ള നൂറോളം പേരെ പുനര്‍വിന്യസിക്കേണ്ടിയും വരും. 4.08 കോടി രൂപ ഇതുമൂലം അധിക സാമ്പത്തിക നഷ്ടമുണ്ടാകും. തിരുവനന്തപുരത്തെ പ്രധാന കെടിഡിസി ഹോട്ടലുകളായ മാസ്‌കറ്റ്, ചൈത്രം എന്നിവിടങ്ങളിലെയും ബിയര്‍ പാര്‍ലറുകളും അടയ്ക്കുന്നത് ആ ഹോട്ടലുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. കെടിഡിസിയുടെ മിക്കവാറും എല്ലാ ഹോട്ടലുകളും നവീകരിക്കാനുള്ള തീരുമാനം നിലവിലെ സാഹചര്യത്തില്‍ എങ്ങനെ നിറവേറ്റാനാകുമെന്ന് ആശങ്കയുണ്ടെന്നും മന്ത്രി വ്യക്തമാക്കി

Top