ഗ്രീൻഫീൽഡ് സ്റ്റേഡിയം വിട്ടുനൽകാനാവാത്ത നടപടിയെ വിമർശിച്ച് കടകംപള്ളി

തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരക്കായി തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന അധികൃതരുടെ നിലപാടിനെ വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അധികൃതരുടെ നിലപാട് അംഗീകരിക്കുവാന്‍ സാധിക്കുന്നതല്ലെന്നാണ് മന്ത്രി തുറന്നടിച്ചിരിക്കുന്നത്. കേരളത്തിലേക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ കൂടുതലായി കൊണ്ട് വരുവാന്‍ ശ്രമിക്കുന്നതിന് പകരം വരുന്ന മത്സരങ്ങള്‍ പോലും തിരസ്‌കരിക്കുവാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വകവച്ചുകൊടുക്കില്ലെന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

സൈനിക റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന കാരണം കാണിച്ചാണ് കെസിഎ അസൗകര്യം അറിയിച്ചത്. ഇതിനെ കുറിച്ചും കടകംപള്ളി വ്യക്തമായി പോസ്റ്റില്‍ പറയന്നുണ്ട്. ‘ഒരുപാട് തുക മുടക്കിയും വളരെയേറെ ശ്രദ്ധയോടെയുമാണ് ക്രിക്കറ്റ് പിച്ചുകള്‍ പരിപാലനം ചെയ്യുന്നത്. റിക്രൂട്ട്‌മെന്റ് റാലി പോലെയുള്ള ഫിസിക്കല്‍ ആക്റ്റിവിറ്റികള്‍ക്ക് പ്രാധാന്യമുള്ള പരിപാടികള്‍ക്ക് സ്റ്റേഡിയം വിട്ടുനല്‍കുന്നതോടെ സാരമായ ഡാമേജ് ഗ്രൗണ്ടിലുണ്ടാകും എന്നത് സാമാന്യബോധമുള്ള ആര്‍ക്കും മനസിലാക്കാവുന്നതാണ്. പാങ്ങോട് മിലിട്ടറി ഗ്രൗണ്ടിലാണ് സാധാരണയായി ഇത്തരം റിക്രൂട്ട്‌മെന്റ് റാലികള്‍ നടക്കാറുള്ളത്. അവിടെയോ അല്ലെങ്കില്‍ സൗകര്യമുള്ള മറ്റേതെങ്കിലും സ്ഥലത്തോ റിക്രൂട്ട്‌മെന്റ് റാലി മാറ്റി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി തയ്യാറാക്കണം.’ അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയം കായികവകുപ്പ് സെക്രട്ടറിയോടും, കേരള ക്രിക്കറ്റ് അസോസിയേഷനുമായും താൻ സംസാരിക്കുകയുണ്ടായി. തീരുമാനം തിരുത്തുവാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുവാന്‍ തയ്യാറാണെന്ന് ബിസിസിഐയെ അറിയിക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

Top