പത്തനംതിട്ട: ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാക്കിയവർ ലക്ഷ്യം വെച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നുവെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ.
സർക്കാരിന് ഭരണഘടനാ ദൗത്യം നിർവഹിക്കേണ്ടതുണ്ടെന്നും, എല്ലാ വെല്ലുവിളികളെയും സർക്കാരിന് മറികടക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ മോഹത്തോട് കൂടി തൽപരകക്ഷികൾക്കും വർഗീയ ഭ്രാന്തൻമാർക്കും ശബരിമല വിഷയത്തിൽ ജനങ്ങളെ കബളിപ്പിക്കാൻ സാധിച്ചെന്നും എന്നാൽ ജനം അത് തിരിച്ചറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മകരവിളക്കിനും സംക്രമ പൂജയ്ക്കും ഉള്ള ഒരുക്കങ്ങൾ സന്നിധാനത്ത് പൂർത്തിയായി കഴിഞ്ഞു. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവന്ന നെയ്‌ത്തേങ്ങ സംക്രമ പൂജ സമയത്ത് അഭിഷേകം ചെയ്യും.
അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചര മണിയോടെ ശരംകുത്തിയിൽ എത്തിച്ചേരും. ദേവസ്വം അധികൃതർ ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും.
തുടർന്ന് ദീപാരാധയ്ക്ക് തൊട്ടു മുൻപായി തിരുവാഭരണ പേടകം പതിനെട്ടാം പടി കയറും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന സമയത്താണ് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയുക. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ മകരജ്യോതി ദർശനത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.