ഓഖി ചുഴലിക്കാറ്റിന്റെ പേരില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ നാശം വിതച്ചുകൊണ്ടിരിക്കുന്ന ഓഖി ചുഴലിക്കാറ്റിന്റെ പേരില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

സര്‍ക്കാരിന് സാധ്യമായ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള എല്ലാ രക്ഷാപ്രവര്‍ത്തനവും നടത്തുമെന്നും, എല്ലാവരെയും രക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

മാത്രമല്ല, മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും, മറ്റുള്ള കാര്യങ്ങളെല്ലാം തീരുമാനിക്കാന്‍ പിന്നീട് സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നാവികസേനാ ഹെലിക്കോപ്റ്ററില്‍ പുറംകടലില്‍ പോയി വന്ന ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കടലില്‍ അമ്പത് കിലോ മീറ്ററോളം ദൂരത്തില്‍ ഹെലിക്കോപ്റ്ററില്‍ താഴ്ന്ന് പറന്നെങ്കിലും അപകടത്തില്‍ പെട്ട മത്സ്യത്തൊഴിലാളികളെ ആരെയും കണ്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

തീരം പ്രക്ഷുബ്ധമാണെങ്കിലും ഉള്‍ക്കടല്‍ വളരെ ശാന്തമാണെന്നും, അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ പറ്റുമെന്നും, ഇതിനായി നേവിയുടെ മൂന്നും കോസ്റ്റ് ഗാര്‍ഡിന്റെ ആറും രണ്ട് മര്‍ച്ചന്റ് നേവി കപ്പലുകളും ഹെലിക്കോപ്റ്ററുകളടക്കം എട്ട് എയര്‍ക്രാഫ്റ്റുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Top