അസുഖമാണെങ്കില്‍ ചികിത്സിച്ചേ പറ്റൂ; സി എം രവീന്ദ്രനെ പിന്തുണച്ച് കടകംപള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രവീന്ദ്രന്‍ ബോധപൂര്‍വ്വം മാറി നില്‍ക്കില്ലെന്നും സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും കടകംപള്ളി പറഞ്ഞു. സത്യസന്ധനും മാന്യനുമാണ്, രവീന്ദ്രന് സുഖമില്ല. മൂന്നല്ല മുപ്പത് പ്രാവശ്യം നോട്ടീസ് നല്‍കിയാലും അസുഖമാണെങ്കില്‍ ചികിത്സിച്ചേ പറ്റൂ, കടകംപള്ളി പറഞ്ഞു.

രവീന്ദ്രനെ കുടുക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ് എല്ലാവര്‍ക്കുമറിയാം. സ്വപ്നയുടെ മൊഴിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ മന്ത്രി കെ സുരേന്ദ്രന്‍ പറയുമ്പോഴാണ് ഇതെല്ലാം മാധ്യമങ്ങള്‍ തന്നെ അറിയുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, തിരുവനന്തപുരം നഗരസഭയില്‍ അഭിമാനാര്‍ഹമായ നേട്ടമുണ്ടാകുമെന്ന് കടകംപള്ളി അവകാശപ്പെട്ടു. ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ് വര്‍ദ്ധിക്കുമെന്നും ബിജെപി അഭിമാന പോരാട്ടം നല്‍കിയ വെങ്ങാനൂര്‍ പോലും സിപിഎം നേടുമെന്നും കടകംപള്ളി പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം മോദി തരംഗം കുറച്ച് വിഭാഗത്തെ മോഹിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ അവസ്ഥ മാറിയെന്നും അദ്ദേഹം പറഞ്ഞു.

Top