കണ്ണൂര്‍: സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി സഹകരണ പ്രസ്ഥാനം രൂപീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിലുള്ള സ്വര്‍ണ ഉരുപ്പടികളും, അതാത് ബാങ്കുകളില്‍ നിന്നുള്ള പ്രത്യേക സ്‌ക്വാഡിനെ കൊണ്ടു പരിശോധിപ്പിക്കുന്നതിനും തീരുമാനമാനിച്ചു. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ, കേന്ദ്രീകരിച്ച് സഹകരണ സംഘങ്ങള്‍ രൂപീകരിക്കുമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്.
എട്ടാമത് സഹകരണ കോണ്‍ഗ്രസിലാണ് മന്ത്രി ഈ കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സാമൂഹ്യ പദവി ഉയര്‍ത്തുന്നതിന് ഇടതു മുന്നണി സര്‍ക്കാര്‍ സ്വീകരിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പുതിയ തീരുമാനം. ഈ വിഭാഗത്തിന് ഗ്രാന്റ് ഉള്‍പ്പടെയുള്ള ധനസഹായം സഹകരണ സംഘങ്ങള്‍ വഴി നല്‍കുകയും ചെയ്യും.
രാജ്യത്ത് ആദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നത്. ഇവര്‍ക്കു സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും, സ്വയംപര്യാപ്തത നേടുന്നതിനും സംഘങ്ങളിലൂടെ സാധിക്കുകയും ചെയ്യും. സഹകരണ നിയമം അനുശാസിക്കുന്നത്ര അംഗങ്ങളെ ലഭ്യമാകുന്ന ജില്ലകളിലാകും ആദ്യം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സഹകരണ സംഘം രൂപീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ചീഫ് എക്‌സിക്യുട്ടീവ്, ജീവനക്കാരുടെ പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് എല്ലാ സഹകരണ ബാങ്കുകളിലെയും സ്വര്‍ണ ഉരുപ്പടികള്‍ പരിശോധിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ഈ പരിശോധന പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം.