കേരള ബാങ്ക് രൂപീകരണം: രമേശ് ചെന്നിത്തലക്ക് തുറന്ന കത്തുമായി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കേരള ബാങ്ക് തുടങ്ങാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് തുറന്ന കത്തുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

കത്തിന്റെ പൂര്‍ണരൂപം ചുവടെ…

പ്രിയപ്പെട്ട ശ്രീ. രമേശ്‌ ചെന്നിത്തല,
കേരള ബാങ്ക് രൂപീകരിക്കാന്‍ അനുവദിക്കില്ല എന്ന അങ്ങയുടെ പ്രസ്താവന ശ്രദ്ധയില്‍പെട്ടതിനാലാണ് ഇത്തരമൊരു തുറന്ന കത്ത് എഴുതുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് 14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കും എന്നത്. ഈ പത്രികയ്ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് നിലവിലെ ഇടതു മുന്നണി സര്‍ക്കാര്‍. അതുകൊണ്ട് തന്നെ ജനതയുടെ അംഗീകാരം നേടിയ ഒരു വാഗ്ദാനം നടപ്പാക്കുക എന്നത് ജനഹിതമാണ്.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കുന്നതിനോടുള്ള അങ്ങയുടെ വിയോജിപ്പ്‌ കാര്യങ്ങള്‍ പൂര്‍ണ്ണമായി ഉള്‍കൊള്ളാത്തത് മൂലമാണ്. സംസ്ഥാന സഹകരണ ബാങ്ക് കഴിഞ്ഞ 3 വര്‍ഷമായി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എനാല്‍ 200ലധികം കോടി രൂപയുടെ സഞ്ചിതനഷ്ടമുണ്ട്. ഇതിന് കാരണം ബാങ്കിന്റെ നിഷ്ക്രിയ ആസ്തിക്ക് ഉയര്‍ന്ന നിരക്കില്‍ കരുതല്‍ സൂക്ഷിച്ചതാണ്. മാര്‍ക്കറ്റ്ഫെഡ്, റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, അഗ്രീന്‍കോ, റബ്കോ തുടങ്ങിയ സ്ഥാപനങ്ങളുടെ വായ്പയാണ് കാലങ്ങളായി കുടിശ്ശികയായിട്ടുള്ളത്‌. ഇതിനെല്ലാം 100 ശതമാനമാണ് കരുതല്‍ സൂക്ഷിച്ചിട്ടുള്ളത്. അതായത് സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ടം സാങ്കേതികമാണെന്നാണ് സൂചിപ്പിച്ചത്. മാത്രമല്ല, സംസ്ഥാന സഹകരണ ബാങ്കിനാണ് നിലവില്‍ ഏറ്റവും ഉയര്‍ന്ന മൂലധന പര്യാപ്തതയുള്ളത്. ഈ സാഹചര്യത്തില്‍ ജില്ലാ ബാങ്കുകള്‍ സംസ്ഥാന ബാങ്കില്‍ ലയിപ്പിക്കുന്നത് ഒട്ടും അനുചിതമല്ല.

അങ്ങയുടെ മറ്റൊരു വിമര്‍ശനം ഇടതുപക്ഷം SBI-SBT ലയനത്തെ എതിര്‍ക്കുകയും KSCB–DCB ലയനം നടപ്പാക്കുകയും ചെയ്യുന്നു എന്നതാണ്. SBI-SBT സംയോജനത്തെ എതിര്‍ത്തതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അവ അനുഭവവേദ്യമായിരിക്കുകയാണ്. SBTയെ SBIയില്‍ ലയിപ്പിച്ചതിലൂടെ നിരവധി ബാങ്ക് ശാഖകളാണ് കേരളത്തിന്‌ നഷ്ടമായത്. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ലഭിക്കേണ്ട കുറെയേറെ തൊഴിലവസരങ്ങള്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടു. നിലവിലെ ജീവനക്കാരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി. ബാങ്കിംഗ് സേവനങ്ങള്‍ക്ക് സമ്പന്നനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ വലിയ ചാര്‍ജുകള്‍ ഈടാക്കുന്നു. പാവപ്പെട്ടവരുടെ ക്ഷേമ പെന്‍ഷന്‍ അക്കൗണ്ടുകള്‍ വരെ കൊള്ളയടിക്കുന്ന സ്ഥിതിയുണ്ടായത് അങ്ങേയ്ക്കും അറിവുള്ളതാണല്ലോ.

മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക വികസന പ്രക്രിയയില്‍ SBTയില്‍ നിന്നും ലഭിച്ചിരുന്ന പിന്തുണ SBIയില്‍ നിന്നും ലഭിക്കുന്നുമില്ല. സംസ്ഥാനത്ത് നിന്നും ശേഖരിക്കപ്പെടുന്ന വിഭവം മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും തമ്മില്‍ സംയോജിപ്പിക്കുമ്പോള്‍ കേരള ജനതയുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശേഷി കൂടുകയാണ് ചെയ്യുന്നത്. ആധുനിക സാങ്കേതിക വിദ്യയിലൂന്നിയ ഏകീകൃത സോഫ്റ്റ്‌വെയര്‍ സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ ഏര്‍പ്പെടുത്താന്‍ കഴിയുന്നു. പ്രാഥമിക ബാങ്കുകളിലൂടെ ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ ഗ്രാമീണ ജനതയ്ക്കും ലഭ്യമാക്കാന്‍ കഴിയും. നമ്മുടെ നാട്ടില്‍ നിന്നും സ്വരൂപിക്കപ്പെടുന്ന വിഭവം സംസ്ഥാനത്ത് തന്നെ വിനിയോഗിക്കാനും കഴിയും. ബാങ്കിംഗ് സേവനങ്ങള്‍ ചാര്‍ജ് ഇല്ലാതെയോ, ഏറ്റവും കുറഞ്ഞ ചാര്‍ജ്ജിലോ നല്‍കാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ നേട്ടം. ശാഖകള്‍ പൂട്ടുകയോ ജീവനക്കാരെ കുറയ്ക്കുകയോ ചെയ്യുന്നില്ല. കൂടാതെ NRI നിക്ഷേപമടക്കം സ്വീകരിച്ച് അത് നാടിന്റെ ഭാവി വികസനത്തിന്‌ ഉപയുക്തമാകുന്ന രീതിയില്‍ വിനിയോഗിക്കാനും കഴിയും. ചുരുക്കത്തില്‍ SBI-SBT ലയനം സംസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍ KSCB–DCB ലയനം സംസ്ഥാന വികസനത്തിന്‌ അനുഗുണമായി തീരുന്നു എന്നുള്ളതാണ് ഈ രണ്ട് ലയനങ്ങളും തമ്മിലുള്ള കാതലായ വ്യത്യാസം.

കേരളം പോലുള്ള ചെറിയ സംസ്ഥാനങ്ങളില്‍ ഹ്രസ്വകാല കാര്‍ഷിക വായ്പാ മേഖലയില്‍ ദ്വിതല ഘടനയാണ് ഉചിതമെന്നത് ഇതിനായി നിയോഗിച്ച വിവിധ കമ്മിറ്റികളും, കമ്മീഷനുകളും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാത്രമല്ല, ഇന്നത്തെ സംസ്ഥാന ബാങ്കിംഗ് സാഹചര്യത്തില്‍ കേരള ബാങ്കെന്ന ആശയത്തിന് വളരെയേറെ പ്രസക്തിയുമുണ്ട്. സംസ്ഥാനത്തിന്റെ വന്‍കിട വികസന പദ്ധതികള്‍ക്ക് എന്‍.ആര്‍.ഐ നിക്ഷേപം അടക്കം സ്വീകരിച്ച് വിനിയോഗിക്കാന്‍ ഈ പദ്ധതി സഹായകമാകും. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് തുടങ്ങീ സംസ്ഥാനങ്ങള്‍ ലയനത്തിലൂടെ കേരള ബാങ്ക് മാതൃക പിന്തുടരാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് അങ്ങ് അറിഞ്ഞു കാണുമല്ലോ.
മുന്‍കാല അനുഭവങ്ങളിലേക്ക് പോയാല്‍ ഗോശ്രീ പദ്ധതി, സിയാല്‍, കൊച്ചിന്‍ മെട്രോ, കോഴിക്കോട് റോഡ് വികസന പദ്ധതി എന്നിവയ്ക്കെല്ലാം വായ്പ നല്‍കാന്‍ ദേശസാല്‍കൃത ബാങ്കുകളടക്കം അറച്ച് നിന്നപ്പോള്‍ നമ്മുടെ സഹകരണ ബാങ്കുകളാണ് ഈ ആവശ്യത്തിന് സന്നദ്ധരായി മുന്നോട്ട് വന്നിട്ടുള്ളതെന്നത് സ്മരണീയമാണ്. ഇത് കൂടുതല്‍ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാന്‍ കേരള ബാങ്കിന് സാധിക്കും.

കേരള ബാങ്ക് രൂപീകരണത്തിനായി എം.എസ്. ശ്രീറാം കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ ശാക്തീകരണമാണ് അടിവരയിടുന്നത്. സര്‍ക്കാര്‍ നയവും അതുതന്നെയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ല. കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ ആകെയുണ്ടാകുന്ന കുറവ് 14 ജില്ലാ സഹകരണ ബാങ്കുകളിലെ ഡയറക്ടര്‍ ബോര്‍ഡ് ഇല്ലാതാകുന്നു എന്നത് മാത്രമാണ്. ഏതാനും നേതാക്കള്‍ക്ക് സ്ഥാനം നഷ്ടമാകും. ഈ ഒരു കാരണം മുന്‍നിര്‍ത്തി കേരള ബാങ്കിനെ എതിര്‍ക്കേണ്ടതുണ്ടോ എന്ന് വിശദമായി ഒരിക്കല്‍ കൂടെ വിലയിരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിന് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കേരള ജനത ആഗ്രഹിക്കുന്നത് എല്ലാവിധ ബാങ്കിംഗ് സൗകര്യങ്ങളും നല്‍കാന്‍ കഴിയുന്ന എന്നാല്‍ ജനങ്ങളെ കൊള്ളയടിക്കാത്ത ഒരു ജനകീയ ബാങ്കാണ്. ഇത് സാക്ഷാത്കരിക്കാന്‍ കേരള ബാങ്കിന് സാധിക്കും. ഇത്തരുണത്തില്‍ അനാവശ്യ തടസ്സവാദങ്ങളുന്നയിച്ച് കേരള ബാങ്കെന്ന വലിയ ലക്ഷ്യത്തെ പിറകോട്ട് വലിക്കാതെ സര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.
സസ്നേഹം

കടകംപള്ളി സുരേന്ദ്രന്‍

Top