ഡി.കെ.സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ദിവാകരന്‍ കോമല്ലൂര്‍, തിരക്കഥയും ഗാനങ്ങളും രചിച്ച് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് അര്‍ജുന്‍ ബോധി-ദി ആല്‍ക്കമിസ്റ്റ്. ചിത്രം എ.ആര്‍.കാസിം സംവിധാനം ചെയ്യുന്നു. ചിത്രീകരണം ജനുവരി പതിനാല് ഞായറാഴ്ച്ച തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ആരംഭിച്ചു. ഒരു സയന്റിസ്റ്റിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ എ.ആര്‍.കാസിം അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ശാസ്ത്രരംഗത്തുതന്നെ ഏറെ സമര്‍ത്ഥനാണ് അര്‍ജുന്‍ ബോധി. ആധുനിക ശാസ്ത്രയുഗത്തില്‍ ശാസ്ത്രത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്ക് പ്രാധാന്യം നല്‍കുന്നവനാണ് അര്‍ജുന്‍ ബോധിയെങ്കിലും പൂര്‍വ്വികരുടെ ചില സിദ്ധാന്തങ്ങള്‍ക്കും പ്രാധാന്യമുണ്ടന്നു തിരിച്ചറിയുന്നവനാണ് ഇയാള്‍. മനുഷ്യരാശിക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു പുതിയ കണ്ടുപിടിത്തം നടത്തുന്നു അര്‍ജുന്‍ ബോധി.
അര്‍ജുന്‍ ബോധിയുടെ ഈ കണ്ടുപിടിത്തത്തെ വാണിജ്യവത്കരിക്കുവാന്‍ ശ്രമിക്കുന്ന ഒരു വന്‍മാഫിയാ സംഘത്തിന്റെ കടന്നുവരവിലൂടെ പിന്നീടങ്ങോട്ട് സംഘര്‍ഷത്തിന്റെ നാളുകളായി മാറുന്നു. ഈ സംഘര്‍ഷങ്ങളുടെ തികച്ചും ഉദ്വേഗജനകമായ ചലച്ചിത്രാവിഷ്‌ക്കാരണമാണ് ചിത്ര പറയുന്നത്. ശാസ്ത്രമായാലും മതമായാലും അത് മനുഷ്യനന്മക്കായിരിക്കണമെന്നും മനുഷ്യന് ദോഷകരമാകുന്ന ഒന്നും ഉണ്ടാകരുത് എന്ന സന്ദേശം കൂടി നല്‍കുന്നതാണ് ഈ ചിത്രം.
സയന്റിഫിക്‌സ് ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ കൈലാഷാണ് ഈ ചിത്രത്തിലെ നായകനായ അര്‍ജുന്‍ ബോധിയെ അവതരിപ്പിക്കുന്നത്. സായ്കുമാര്‍, പ്രമോദ് വെളിയനാട്, മധുപാല്‍, ചെമ്പില്‍ അശോകന്‍, അരിസ്റ്റോ സുരേഷ്, ഷോബി തിലകന്‍, സലിം എസ്, പുതുമുഖം റിനില്‍ ഗൗതം എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായിക പുതുമുഖമാണ്.