ന്യൂഡല്‍ഹി: നാഥുറാം ഗോഡ്‌സയെ പിന്തുണച്ച് സംസാരിച്ച ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗ് ഠാക്കൂറിനെതിരെ സമാധാന നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ഥി രംഗത്ത്.
പ്രജ്ഞയെ പോലുള്ളവര്‍ ഇന്ത്യയുടെ ആത്മാവിനെ വധിക്കുവാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഗാന്ധിയുടെ ശരീരത്തെയാണ് ഗോഡ്‌സെ കൊലപ്പെടുത്തിയതെങ്കില്‍ പ്രജ്ഞയെ പോലുള്ളവര്‍ ഗാന്ധിയുടെ ആത്മാവിനെയും അഹിംസ, സമാധാനം, സഹിഷ്ണുത എന്നിവയെയും വധിക്കുവാനാണ് ശ്രമിക്കുന്നത്. ബിജെപി നേതൃത്വം ഇത്തരക്കാരെ ഒഴിവാക്കി രാജധര്‍മം പാലിക്കണം, അദ്ദേഹം വ്യക്തമാക്കി.
നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയായിരുന്നെന്ന വിവാദ പരാമര്‍ശവുമായിട്ടായിരുന്നു ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ രംഗത്തെത്തിയത്. ഗോഡ്സെ ഹിന്ദു തീവ്രവാദിയാണെന്ന നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായിട്ടായിരുന്നു പ്രജ്ഞാ സിംഗിന്റെ വിവാദ പരാമര്‍ശം.
ഗോഡ്സെ രാജ്യസ്നേഹിയായിരുന്നെന്നും അദ്ദേഹത്തെ ഭീകരന്‍ എന്നു വിളിക്കുന്നവര്‍ക്ക് ഈ തെരഞ്ഞെടുപ്പോടു കൂടി തക്കതായ മറുപടി കിട്ടുമെന്നും ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞിരുന്നു.