തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളുടെ മുനയൊടിച്ച് സി.പി.എം അനുകൂല ചാനല്‍ കൈരളി രംഗത്ത്. 1999 ന് ശേഷം മദ്യ ഫാക്ടറികള്‍ തുടങ്ങുന്നതിനു തടസ്സം ഇടതു സര്‍ക്കാറിന്റെ മദ്യനയമാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണ രേഖകള്‍ പുറത്തു വിട്ടാണ് കൈരളി ചീഫ് റിപ്പോര്‍ട്ടര്‍ ജീവന്‍ കുമാര്‍ പൊളിച്ചടക്കിയത്.
1999 ലെ LDF സര്‍ക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമായിട്ടാണ് 2018 ല്‍ സര്‍ക്കാര്‍ പുതിയ മദ്യഫാക്ടറികള്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് എന്നായിരുന്നു രമേശ് ചെന്നിത്തല പ്രധാനമായും ആരോപിച്ചിരുന്നത്.
അന്നത്തെ സര്‍ക്കാര്‍ മുന്‍പാകെ മദ്യഫാക്ടറികള്‍ അനുമതി തേടി 110 അപേക്ഷകള്‍ വന്നിരുന്നു. ഇതിന്റെ മുന്‍ഗണനാക്രമം തീരുമാനിക്കുക മാത്രമാണ് വിനോദ് റായ് അദ്ധ്യക്ഷനായ കമ്മറ്റിക്ക് സര്‍ക്കാര്‍ നല്‍കിയ ടേംസ് ഓഫ് റഫറന്‍സില്‍ പറയുന്നത്. 2000 ഏപ്രില്‍ 19 ന് എല്‍ഡിഎഫ് സര്‍ക്കാര്‍ 2000-2001 സാമ്പത്തിക വര്‍ഷത്തേക്ക് അംഗീകരിച്ച മദ്യനയത്തിന്റെ പകര്‍പ്പും കൈരളി പുറത്തുവിട്ടു.
ഇനിയങ്ങോട്ട് സംസ്ഥാനത്ത് മദ്യ ഫാക്ടറികള്‍ തുടങ്ങാന്‍ പാടല്ലെന്ന നയം LDF സര്‍ക്കാരിന് ഉണ്ടെന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്ത് അംഗീകരിച്ച മദ്യനയത്തില്‍ എവിടെയും പറയുന്നതേ ഇല്ല. 99 ല്‍ മദ്യഫാക്ടറികളെ സംബന്ധിച്ച് മന്ത്രിസഭാ തീരുമാനം ഉണ്ടായിട്ടും ,അത് സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഉള്‍പെടാതെ പോയിട്ടുണ്ടെങ്കില്‍ അപ്രകാരം ഒരു നയം ഉണ്ടായിരുന്നില്ല എന്നുതന്നെയാണ് അനുമാനിക്കേണ്ടതെന്ന് കൈരളി ചൂണ്ടിക്കാട്ടുന്നു.