തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിൻ്റെ ഓഫീസിനും എതിരെ ഗുരുതര ആരോപണ മുന്നയിച്ച സ്വപ്നയുടെ വാദങ്ങളുടെ ‘മുന’യൊടിച്ച് കൈരളി ചാനൽ.
മുഖ്യമന്ത്രിയുടെ പ്രധാന ശത്രുക്കളിൽ ഒരാളായ പി.സി ജോർജും സ്വപ്ന സുരേഷും തമ്മില്‍ നിരന്തരം ബന്ധപ്പെട്ടു എന്നതിന് തെളിവാണ് കൈരളി ചീഫ് റിപ്പോർട്ടർ ജീവൻ കുമാർ പുറത്തു വിട്ടിരിക്കുന്നത്. സ്വപ്നയുടെ ആരോപണം വന്ന് മണിക്കൂറുകൾക്കകമാണ് തെളിവ് സഹിതമുള്ള ഈ മാസ് മറുപടി ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി 2 മുതല്‍ ഫെബ്രുവരി 15 വരെ പി സി ജോര്‍ജ്ജ് സ്വപ്ന സുരേഷിന്റെ ഫോണിലേക്ക് 19 തവണ ബന്ധപ്പെട്ടു എന്നാണ് ജീവൻ കുമാർ റിപ്പോർട്ട് ചെയ്യുന്നത്. 14 തവണ പിസി ജോര്‍ജ് അങ്ങോട്ടും അഞ്ചുതവണ സ്വപ്ന സുരേഷ് തിരിച്ചും വിളിച്ചിട്ടുണ്ട്. ഫെബ്രുവരി 10,11,12,13 എന്നീ ദിവസങ്ങളില്‍ ദൈര്‍ഘ്യമേറിയ കോളുകളാണ് ഉണ്ടായിട്ടുള്ളത് 15 ആം തീയതി 3 പ്രാവശ്യവും ഇരുവരും സംസാരിച്ചു എന്നും കൈരളി പീപ്പിൾ ടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 12, 15 തീയതികളില്‍ എറണാകുളത്തെ ഒരു സ്ത്രീയുടെ നമ്പറിൽ നിന്നും മുഖ്യമന്ത്രിക്കെതിരെ നിയമപോരാട്ടം നടത്തിയ മറ്റൊരാൾ ബന്ധപ്പെട്ടതായും കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം സരിത നായരും പി.സി ജോർജും തമ്മിലുള്ള ഓഡിയോ ശബ്ദവും കൈരളി പുറത്ത് വിട്ടിട്ടുണ്ട്. ഈ സംഭാഷണത്തിൽ സ്വപ്ന സുരേഷ് തന്നെ കണ്ട കാര്യം പി സി ജോർജ് സമ്മതിക്കുന്നുണ്ട്.
റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ
സ്വപ്നസുരേഷ് ഇപ്പോള്‍ ജോലി ചെയ്യുന്നത് ആര്‍എസ്എസ് ബന്ധമുള്ള ഉള്ള എച്ച് ആര്‍ ഡി എസ് എന്ന സ്ഥാപനത്തിലാണ്. ആ സ്ഥാപനത്തിന്റെ ശാഖ ഉദ്ഘാടനം നിര്‍വഹിച്ചത് പി സി ജോര്‍ജ്ജാണ്. നിലവില്‍ പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന സംഘ്പരിവാര്‍ അനുകൂല എന്‍ജിഒയില്‍ ഡയറക്ടറാണ് സ്വപ്ന സുരേഷ്. നിയമനം ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയ്ക്കെതിരെ നേരത്തേയും സ്വപ്ന സുരേഷ് രംഗത്തുവന്നിരുന്നു. തുടര്‍ച്ചയായ ആരോപണങ്ങളുമായി എത്തിയതോടെയാണ് സ്വപ്ന സുരേഷിനു പിന്നിലെ സംഘ് പരിവാര്‍ ബന്ധം ചര്‍ച്ചയാവുന്നതെന്നും കൈരളി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്വര്‍ണക്കടത്തു കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെയാണ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന എച്ച്ആര്‍ഡിഎസ് എന്ന സംഘടനയില്‍ ഡയറക്ടറായി സംഘ് പരിവാര്‍ നിയമനം നല്‍കിയത്. ഫെബ്രുവരി പതിനൊന്നിനാണ് സ്വപ്ന സുരേഷിനെ സിഎസ്ആര്‍ ഡയറക്ടറായി നിയമന ഉത്തരവ് നല്‍കിയത്. പ്രതിമാസം 43000 രൂപ ശമ്പളം. ബിജെപി നേതാവ് എസ് കൃഷ്ണകുമാര്‍ ഐഎഎസ് ആയിരുന്നു എച്ച്ആര്‍ഡിഎസ്സിന്റെ പ്രസിഡന്റ്. സ്വപ്ന എത്തിയതിനു പിന്നാലെ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കൃഷ്ണകുമാര്‍ എച് ആര്‍ ഡി എസ് വിട്ടിരുന്ന കാര്യവും കൈരളി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൈരളി ചാനൽ ഈ തെളിവുകൾ പുറത്ത് വിട്ടതോടെ, മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന സംബന്ധമായി രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.