കൊച്ചി: കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷനെതിരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി. കാക്കനാട് സ്വദേശി സുധീര്‍ ആണ് ഹര്‍ജി നല്‍കിയത്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ച കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും ബാലാവകാശ കമ്മീഷനും വീഴ്ച പറ്റിയെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 18ലേക്ക് മാറ്റി.
ചില്‍ഡ്രന്‍സ് ഹോമിലെ 18 പെണ്‍കുട്ടികളാണ് കഴിഞ്ഞ ഒക്ടോബര്‍ 13ന് കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. അവിടെ ജീവിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നും ശാരീരകവും മാനസികവുമായി പീഡിപ്പിക്കപ്പെടുന്നതായും, അതിനാല്‍ അവിടെ നിന്ന് പുറത്തു പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കുട്ടികള്‍ ഭീഷണി മുഴക്കിയത്.
ജില്ലാ കളക്ടര്‍, എം.എല്‍.എ പി.ടി. തോമസ്, അഡീഷണല്‍ ജഡ്ജി എന്നിവര്‍ കുട്ടികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കുട്ടികള്‍ താഴെയിറങ്ങാന്‍ തയ്യാറായത്.
എന്നാല്‍ കുട്ടികളുടെ വാദങ്ങള്‍ ചില്‍ഡ്രന്‍സ് ഹോം മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു.