കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കക്കയം ഡാം തുറന്നു വൈകിട്ട് അഞ്ചരയോടെയാണ് ഡാമിൻ്റെ ഷട്ടർ മൂന്ന് അടി ഉയർത്തി വെള്ളം ഒഴുക്കി വിടാൻ ആരംഭിച്ചത്. ഡാം തുറന്ന സാഹചര്യത്തിൽ കുറ്റ്യാടി പുഴയിലെ ജലനിരപ്പ് രണ്ടര അടി വരെ ഉയരാൻ സാധ്യതയുണ്ട്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ കക്കയം ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. നിലവിൽ കക്കയം അണക്കെട്ടിലെ ജലനിരപ്പ് 756.50 മീറ്ററിൽ എത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.