Kalabhavan Mani – death

ആലപ്പുഴ: കലാഭവന്‍ മണി ഓര്‍മയായിട്ട് ദിവസങ്ങള്‍ ഏറെ ആയിട്ടും മരണം സംബന്ധിച്ച ദുരൂഹതകള്‍ പൂര്‍ണമായും നീങ്ങിയിട്ടില്ല. മരണകാരണം അറിയാന്‍ വൈകുന്നതില്‍ അതൃപ്തി അറിയിച്ച് കുടുംബം വി.എസ്. അച്യുതാനന്ദന് പരാതി നല്‍കി.

അതേസമയം, രോഗം മൂലമുള്ള മരണത്തിനാണ് സാധ്യത കൂടുതലെങ്കിലും കേന്ദ്രലാബിലെ രാസപരിശോധനാഫലം വന്നശേഷം നിഗമനത്തിലെത്താമെന്നാണ് പൊലീസിന്റെ തീരുമാനം.

കൃത്യം ഒരു മാസം മുന്‍പ്, മാര്‍ച്ച് അഞ്ചിന് രാവിലെയാണ് കലാഭവന്‍ മണിയില്‍ അസ്വസ്ഥതകള്‍ കണ്ട് തുടങ്ങിയത്. രക്തമടക്കം ഛര്‍ദിച്ച മണിയെ വൈകിട്ടോടെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറാം തീയതി രാത്രി ഏഴരയോടെ മരിച്ചു.

മണിയുടെ ശരീരത്തില്‍ മെഥനോളിനൊപ്പം കീടനാശിനിയുമുണ്ടെന്ന് രാസപരിശോധനഫലമെത്തുകയും വീട്ടുകാര്‍ കൂട്ടുകാരെയടക്കം സംശയിക്കുകയും ചെയ്തതോടെ ദുരൂഹത വര്‍ധിച്ചു.

ആശുപത്രിയിലാകുന്നതിന് തലേദിവസം പാടിയില്‍ നടന്ന ആഘോഷത്തെയും പങ്കെടുത്തവരെയും കേന്ദ്രീകരിച്ചായിരുന്നു പ്രധാന അന്വേഷണം. ഒട്ടേറെ പേരെ ചോദ്യം ചെയ്‌തെങ്കിലും കൊല്ലപ്പെടാനോ ആത്മഹത്യ ചെയ്യാനോ ഉള്ള സാധ്യതകളൊന്നും ലഭിച്ചില്ല.

ഇതിനിടെ ആന്തരീകാവയവങ്ങളുടെ രാസപരിസശോധനാഫലത്തില്‍ ആശയക്കുഴപ്പം വന്നതോടെ കേന്ദ്രലാബിലേക്ക് വീണ്ടും പരിശോധനക്കയച്ചു.

കീടനാശിനിയുടെ അളവ് വ്യക്തമാക്കുന്ന ഈ ഫലം ലഭിച്ചശേഷം മരണകാരണം സ്ഥിരീകരിക്കാമെന്ന നിഗമനത്തിലാണ് ഒരുമാസം കഴിയുമ്പോള്‍ അന്വേഷണമെത്തി നില്‍ക്കുന്നത്.

സ്വാഭാവിക മരണമെന്ന നിഗമനത്തെ കുടുംബം പൂര്‍ണമായും വിശ്വസിക്കുന്നില്ല. മരണകാരണത്തില്‍ വ്യക്തത ഉടന്‍ വരുത്തണമെന്നാണ് വീട്ടുകാര്‍ വിഎസിന് നല്‍കിയ പരാതിയിലെ ആവശ്യം.

Top