തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു.
തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ പൊലീസ് നീക്കം നടത്തുന്നത്.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെ എന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. ഇതോടെ സിബിഐ അന്വേഷണത്തിനുള്ള സാധ്യതകളും മങ്ങുന്നു.
കേസുമായി ബന്ധപ്പെട്ട് മണിയുടെ ആന്തരിക അവയവങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. വിഷാംശം കണ്ടെത്തിയിരുന്നെങ്കിലും ഇതില്‍ ബാഹ്യ ഇടപെടലുകള്‍ നടന്നതായി തെളിയിക്കാന്‍ പോന്ന തെളിവുകള്‍ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആറു പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഇതും കേസിന് സഹായകമായില്ല.
കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന്റെ സാഹചര്യമില്ലെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചിരിക്കുന്നത്.
പൊലീസ് തോല്‍വിയാണെന്നും കോടതിയെ സമീപിക്കുമെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍.പറഞ്ഞു. പോലീസില്‍ വിശ്വാസമില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. മണിയുടെ മരണത്തിന് കാരണം വിഷാംശം അകത്തു ചെന്നതാണെന്ന് കണ്ടെത്തിയിരുന്നു. തെളിവില്ലെന്ന് പറയുന്നത് ശരിയല്ല. നുണ പരിശോധനയില്‍ വിശ്വാസമില്ല. പോലീസിന്റെ നിലപാട് കാത്തിരിക്കുകയായിരുന്നെന്നും കോടതി വഴി നീതി തേടുമെന്നും അദ്ദേഹം പ്രതികരിച്ചു.