കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ നുണ പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. പൊലീസിന് നല്‍കിയ മൊഴി നുണ പരിശോധനയിലും ആവര്‍ത്തിച്ചിരിക്കുകയാണ്.
ആറ് പേരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. കേസില്‍ നിര്‍ണായകമായിരുന്നു നുണ പരിശോധന.
മണിയുടെ മരണത്തിനു തലേന്ന് അദ്ദേഹത്തിന്റെ ഔട്ട് ഹൗസായ ‘പാടി’യില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളും പരിചാരകരുമായ ആറു പേരെയാണ് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നുണപരിശോധന നടത്തിയത്.
സംഭവദിവസം സുഹൃത്ത് അനീഷ് ചാരായം എത്തിച്ചിരുന്നതായി മൊഴി ലഭിച്ചിരുന്നു. എന്നാല്‍ മണി ചാരായം കഴിച്ചിട്ടില്ലെന്നും മരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ചാരായം എത്തിച്ചിട്ടില്ലെന്നുമാണ് അനീഷ് പൊലീസിന് നല്‍കിയ മൊഴി.
ഹൈദരാബാദിലെ കേന്ദ്ര ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ അപകടകരമായ അളവില്‍ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നുണ പരിശോധന നടത്തിയത്.
കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ അടക്കമുള്ള ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ടത്.