ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതയേക്കുറിച്ച് പൊലീസിന്റെ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ശരീരത്തിനുള്ളില്‍ വിഷമായ മെത്തനോള്‍ അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ കണ്ടതായി ഡോക്ടര്‍മാര്‍ പൊലീസിനു മൊഴി നല്‍കി. ആത്മഹത്യാ സാധ്യതയടക്കം പരിശോധിക്കുന്നതായി തൃശൂര്‍ റൂറല്‍ പൊലീസ് എസ്പി കെ.കാര്‍ത്തിക് പറഞ്ഞു.
കരള്‍രോഗബാധയെ തുടര്‍ന്നാണ് കലാഭവന്‍ മണിയുടെ മരണമെങ്കിലും ശരീരത്തിനുള്ളില്‍ മെത്തനോളിന്റെ അംശമുള്ളതായി ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. വ്യാജമദ്യത്തിലും മറ്റും കാണുന്ന വിഷമാണ് മെത്തനോള്‍. ഇതിനുപുറമെ ആരോഗ്യത്തിനു ദോഷകരമാവുന്ന മറ്റു ചില ലഹരിപദാര്‍ത്ഥങ്ങളുടെ സാന്നിധ്യവും ശരീരത്തില്‍ കണ്ടെത്തിയതായും മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണ് അസ്വാഭാവിക മരണത്തിന് ചാലക്കുടി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. മെത്തനോള്‍ എങ്ങനെ ശരീരത്തില്‍ കലര്‍ന്നുവെന്നതാണു പ്രധാന സംശയം. ഇതടക്കമുള്ള ദുരൂഹതകള്‍ നീക്കുന്നതിനായാണ് തൃശൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ അന്വേഷണത്തിനു നിയോഗിച്ചത്.
ശനിയാഴ്ചയാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനു മുന്‍പു മദ്യപിച്ചിരുന്നതായി പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. മദ്യപിച്ച സ്ഥലത്തെത്തി ഇന്നലെ രാത്രി തന്നെ പൊലീസ് പരിശോധന നടത്തി. ആ പ്രദേശം പ്രത്യേക നിരീക്ഷണ മേഖലയായി മാറ്റുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണത്തിന്റെ കാരണം കൂടുതല്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.