തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയേറ്റി കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു. മരിക്കുന്നതിനു തലേദിവസം മണി മദ്യപിച്ചിരുന്നതായി മണിയുടെ ഭാര്യ നിമ്മി പറഞ്ഞു.
ഒരിക്കല്‍ മഞ്ഞപ്പിത്തം വന്നതിനു ശേഷം മണി സ്ഥിരമായി മദ്യപിക്കാറില്ലായിരുന്നു. ഡോക്ടര്‍മാരും വിലക്കിയിരുന്നതാണ്. എന്നാല്‍, സുഹൃത്തുക്കള്‍ വരുമ്പോള്‍ മദ്യം കൊണ്ടുവരാറുണ്ട്. ഇത്തരം സമയങ്ങളില്‍ വിശ്രമകേന്ദ്രമായ പാടിയില്‍ ഇരുന്നാണ് മദ്യപിച്ചിരുന്നത്. വല്ലപ്പോഴും ബിയര്‍ മാത്രമാണ് കഴിക്കാറുണ്ടായിരുന്നത്. എന്നാല്‍, മരിക്കുന്നതിനു തലേദിവസം ചാരായ സല്‍ക്കാരമാണ് നടന്നതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നിമ്മി പറഞ്ഞു.
മണിക്ക് കരള്‍ രോഗം ഉണ്ടായിരുന്നതായി തന്നെ അറിയിച്ചിട്ടില്ലായിരുന്നു. മണിക്ക് ശത്രുക്കള്‍ ആരും തന്നെ ഇല്ല. മണി ആത്മഹത്യ ചെയ്യില്ല. താനും മണിയും തമ്മില്‍ പ്രശ്‌നമുണ്ടെന്നു പറയുന്നത് ശരിയല്ല. ഞങ്ങള്‍ മാറിത്താമസിക്കുന്നില്ല. യാതൊരു പ്രശ്‌നവുമില്ല. ഷൂട്ട് ഇല്ലാത്ത സമയങ്ങളില്‍ മണി ഇവിടെ തന്നെയാണ് കഴിയാറുണ്ടായിരുന്നതെന്നും നിമ്മി പറഞ്ഞു.
രാസപരിശോധനാ ഫലം വന്ന ശേഷം പരാതി നല്‍കണമെങ്കില്‍ നല്‍കുമെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, മരിക്കുന്നതിനു തലേദിവസം മണിയുടെ പാടിയില്‍ ചാരായം കൊണ്ടുവന്നതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചു. സുഹൃത്തുക്കളായ ഡ്രൈവര്‍ അരുണ്‍, ഭാര്യാബന്ധു ബിപിന്‍, സഹായി മുരുകന്‍ എന്നിവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.