kalabhavan mani-death-mystry

ചാലക്കുടി: മരണശേഷവും കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട് ഉയരുന്ന അപവാദപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. അപവാദപ്രചാരണങ്ങള്‍ തങ്ങളെ കൂടുതല്‍ വേദനിപ്പിക്കുന്നുവെന്നും മണിയും ഭാര്യ നിമ്മിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നിരിക്കെ ഇവര്‍ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നെന്ന പ്രചാരണം തീര്‍ത്തും അനാവശ്യമാണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

മണിയുടെ മരണത്തിന് ശേഷം ബന്ധുക്കളെല്ലാവരും വീട്ടില്‍ തന്നെയുണ്ട്. മണിയെ അവസാനമായി കാണാന്‍ പലര്‍ക്കും കഴിയാത്തതില്‍ തങ്ങള്‍ക്ക് വിഷമമുണ്ടെന്നും ആരെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കില്‍ ശവസംസ്‌കാരം നീട്ടിവയ്ക്കാമായിരുന്നുവെന്നും സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ പറഞ്ഞു. മണിയുടെ മരണത്തെക്കുറിച്ചും അസുഖവുമായി ബന്ധപ്പെട്ടും അപവാദങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

മണിയുടെ മരണത്തിന് കാരണം കരള്‍ രോഗമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നും അപവാദങ്ങള്‍ പ്രചരിച്ചതോടെയാണ് കുടുംബാംഗങ്ങള്‍ നേരിട്ട് രംഗത്തെത്തിയത്.

Top