kalabhavan mani death-pestisides postmartam report

തൃശൂര്‍: കലാഭവന്‍ മണി മരിച്ചതു ക്‌ളോര്‍പൈറിഫോസ് കീടനാശിനിയും മദ്യത്തിലെ മെഥനോളും അകത്തുചെന്നതുകൊണ്ടാണെന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പൊലീസിനു റിപ്പോര്‍ട്ട് നല്‍കി. ഡോക്ടര്‍മാര്‍ രേഖാമൂലം നല്‍കുന്ന ആദ്യ റിപ്പോര്‍ട്ടാണിത്. രാസപരിശോധനയ്ക്കുശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് നല്‍കിയത്.

മണിക്കുണ്ടായിരുന്ന കരള്‍രോഗം മരണം വേഗത്തിലാക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍, കരള്‍രോഗം മരണകാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മണിയെ ചികിത്സിച്ച കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പരിശോധനയില്‍ രാസവസ്തു സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാല്‍, ഇതു കണ്ടെത്താനുള്ള കൂടുതല്‍ വിദഗ്ധ പരിശോധന വേണമെന്ന് അമൃതയിലെ ലാബ് റിപ്പോര്‍ട്ടിലുണ്ട്.

പക്ഷേ, രോഗിയുടെ നില മോശമായതിനാലാകാം അതു നടത്തിയിട്ടില്ല. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിദഗ്ധരായ ഡോ. പി.എ. ഷിജു, ഡോ. ഷേക്ക് സക്കീര്‍ ഹുസൈന്‍ എന്നിവരാണു പൊലീസിന് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.

മദ്യത്തിലെ വിഷാംശം അപകടകരമായ തോതിലല്ലെന്നാണു റിപ്പോര്‍ട്ടിലെ സൂചന. മരണത്തിലേക്കു നയിക്കാനുള്ള പ്രധാന കാരണം രാസവിഷംതന്നെയാണ്. എന്നാല്‍ ഇതു പച്ചക്കറിയിലൂടെ അകത്തെത്തിയതാണോ നേരിട്ട് അകത്തെത്തിയതാണോ എന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താനാകില്ല.

പച്ചക്കറിയിലൂടെ അകത്തെത്തുന്ന വിഷാംശം ഇങ്ങനെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താവുന്ന അളവില്‍ രക്തത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നു കാര്‍ഷിക സര്‍വകലാശാലയിലെ പഠന റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പഠനറിപ്പോര്‍ട്ടിലെ വിവരവും പൊലീസ് ശേഖരിക്കും.

Top