ചാലക്കുടി: കലാഭവന്‍ മണിയുടേത് അസ്വാഭാവിക മരണമല്ലെന്ന് പൊലീസ് നിഗമനം. ഗുരുതരമായ കരള്‍രോഗത്തിനൊപ്പം മദ്യം കഴിച്ചതാവാം മരണത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
സാക്ഷി മൊഴികളില്‍ നിന്നും പോസ്റ്റ്മാര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങളില്‍ നിന്നുമാണ് പൊലീസിന്റെ ഈ വിലയിരുത്തല്‍. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ച ശേഷമേ മെഥനോളിന്റെ അംശം ഉണ്ടായിരുന്നോയെന്നു അറിയാന്‍ കഴിയൂവെന്നു പൊലീസ് വ്യക്തമാക്കി.
മദ്യം കഴിക്കരുതെന്നു ഡോക്ടര്‍മാര്‍ മണിക്കു നാലു മാസം മുന്‍പു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതവഗണിച്ചും മണി മദ്യം കഴിച്ചിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കൊണ്ടുവരുന്നതിന്റെ തലേന്നും മണി മദ്യപിച്ചിരുന്നു. എങ്കിലും പൊലീസ് അന്വേഷണം തുടരും. മദ്യത്തിന്റെ ഉറവിടം അടക്കം അന്വേഷിക്കും. രാസപരിശോധനാഫലം വരുംവരെ അസ്വാഭാവികമരണമെന്ന കേസ് തുടരുമെന്നും പൊലീസ് അറിയിച്ചു.
കലാഭവന്‍ മണിയുടെ ശരീരത്തില്‍ മരണത്തിനിടയാക്കുന്ന മാരക വിഷാംശം ഇല്ലായിരുന്നെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതിഗുരുതരമായ കരള്‍രോഗമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. ഹൃദ്രോഗമുണ്ടായിട്ടില്ല. മദ്യപിച്ചതു കൊണ്ടോ അല്ലാതെയോ വരുന്ന കരള്‍രോഗത്താല്‍ മണി അവശനായിരുന്നു. അദ്ദേഹത്തിന്റെ കരള്‍ ഏറെക്കുറെ പ്രവര്‍ത്തനരഹിതമായിത്തുടങ്ങിയിരുന്നു. കരളിനു പഴുപ്പു ബാധിക്കുകയും പൊട്ടിയൊലിക്കുകയും ചെയ്തു. മരുന്നുകള്‍ ഫലിക്കാത്ത അവസ്ഥയിലായിരുന്നു ശരീര സ്ഥിതിയെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.