kalabhavan mani – death – report

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്ന് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍. കരള്‍ രോഗവും, ആന്തരിക രക്തസ്രാവവും, കിഡ്‌നി തകരാറുമാണ് മരണത്തിന് കാരണമായതെന്ന് ഉറച്ചു നില്‍ക്കുന്നതായി ഇവര്‍ മൊഴി നല്‍കി. പോസ്റ്റുമോര്‍ട്ടത്തിന്റെ പൂര്‍ണറിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ അന്വേഷണസംഘത്തിന് കൈമാറി.

കീടനാശിനി ഉള്ളില്‍ ചെന്ന ഒരാളുടെ ലക്ഷണം മണിയുടെ ശരീരത്തില്‍ ഇല്ലായിരുന്നു. കീടനാശിനിയുടെ സാന്നിധ്യം ശരീരത്തില്‍ ഇല്ലെന്ന പ്രാഥമിക റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തന്നെയാണ് ഇപ്പോള്‍ നല്‍കിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടിലുമുളളത്. കീടനാശിനി ഉള്ളിലെത്തിയാല്‍ രൂക്ഷമായ ഗന്ധമുണ്ടാകും.

എന്നാല്‍ മണിയെ ആശുപത്രിയില്‍ കൊണ്ടുപോകും മുന്‍പ് പരിശോധിച്ച ഡോക്ടറും ചികില്‍സിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരും ഇത്തരത്തിലുള്ള ഗന്ധമുണ്ടായിരുന്നില്ലെന്നാണ് പൊലീസിനെ അറിയിച്ചിട്ടുള്ളത്.

ഇന്‍ക്വസ്റ്റ് തയാറാക്കിയ പൊലീസ് ഉദ്യോഗസ്ഥരും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘവും കീടനാശിനിയുടെ ഗന്ധം ഉണ്ടായിരുന്നില്ലെന്നാണ് അറിയിച്ചത്. ഭക്ഷ്യവസ്തുക്കളില്‍ നിന്ന് കീടനാശിനി കരളില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം ശരീരത്തില്‍ ഉണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മെഥനോളിന്റെ അളവ് മരണകാരണമല്ലെന്ന് കാക്കനാട് മേഖലാ കെമിക്കല്‍ അനലൈസേഴ്‌സ് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

മരണം അന്വേഷിക്കുന്ന സംഘത്തിന് സംശയകരമായതൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ മണിയുടേത് സ്വാഭാവികമരണമാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

അതേസമയം, കേന്ദ്ര ലാബിലെ തുടര്‍പരിശോധന ഫലത്തിനായി കാത്തിരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രക്തത്തിന്റെയും ആന്തരികാവയവങ്ങളുടെയും സാമ്പിളുകളാണ് ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടിയിലേക്ക് അയക്കുന്നത്.

Top