ചാലക്കുടി: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. മണിയുടെ സഹായികളുടെ ഇടപെടല്‍ സംശയമുളവാക്കുന്നതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ ഇടപെടല്‍ മൂലം അന്വേഷണം വഴിമുട്ടി. മദ്യസാംപിളുകള്‍ ശേഖരിക്കാനായില്ല. വാറ്റുചാരായം ഉപയോഗിച്ചിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിനുശേഷം മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയത് ഇവരാണ്. തെളിവ് നശിപ്പിച്ചതായി മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന്റെ സഹായികളായിരുന്ന ജീവനക്കാരെയും സംഭവത്തിനു തലേന്ന് അദ്ദേഹത്തോടൊപ്പം മദ്യപിച്ചവരെയും സംശയമുണ്ടെന്നും മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇന്നലെ രാത്രി ചാനല്‍ ചര്‍ച്ചയിലായിരുന്നു രാമകൃഷ്ണന്റെ ആരോപണം. മണിയുടെ സഹായികളായിരുന്ന അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെക്കുറിച്ചും സംശയമുണ്ടെന്ന സൂചനയാണു രാമകൃഷ്ണന്‍ നല്‍കിയത്.
കരളിനു ഗുരുതരമായ അസുഖമുള്ള മണിക്കു മദ്യം നല്‍കരുതെന്ന് പാടിയിലെത്തി മണിയുടെ സു!ഹൃത്തുക്കളോടു നിര്‍ബന്ധപൂര്‍വം പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ആശുപത്രിയില്‍ പോകാന്‍ തയാറാകാതിരുന്ന മണിയെ സമീപവാസിയായ നഴ്‌സിനെ കൊണ്ടുവന്നു മയങ്ങാനുള്ള മരുന്നു നല്‍കിയാണു കൊണ്ടുപോയത്.
പിന്നീടാണു തങ്ങളെ അറിയിച്ചത്. ആശുപത്രിയില്‍ തങ്ങളെത്തുമ്പോള്‍ മണി അബോധാവസ്ഥയിലായിരുന്നു. എങ്ങനെ ഇത്രത്തോളം മീഥൈല്‍ ആല്‍ക്കഹോള്‍ മണിയുടെ ശരീരത്തിലെത്തി എന്നറിയാനായി അദ്ദേഹം കഴിച്ച മദ്യവും ഭക്ഷണവും എന്താണ് എന്നു ചോദിച്ചിട്ട് ആരും കൃത്യമായ മറുപടി നല്‍കിയില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.
മണിയുടെ ഔട്ട് ഹൗസില്‍ വാറ്റു ചാരായം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും ഏതാനും പേരെ ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതിനകം നൂറിലധികം പേരെ പൊലീസ് ചോദ്യം ചെയ്തു. മണിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി കാക്കനാട്ടെ ലാബില്‍ അയച്ചതിന്റെ പരിശോധനാ ഫലം കാത്തിരിക്കുകയാണു പൊലീസ്.