kalabhavan mani death

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യം അന്വേഷണസംഘത്തെ കുഴക്കുന്നു. ആത്മഹത്യയാണോ, കൊലപാതകമാണോ, അതോ മദ്യപാനം മൂലമുണ്ടായതാണോയെന്നത് സംബന്ധിച്ച ദുരൂഹത ഒഴിയുന്നില്ല.
മരണ കാരണം കീടനാശിനിയാണെന്നും അതല്ല രൂക്ഷമായ കരള്‍രോഗമുള്ള ശരീരത്തില്‍ കീടനാശിനി എത്തിയത് മരണം വേഗത്തിലാക്കിയെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. അതല്ല, കരള്‍രോഗവും അമിത മദ്യപാനവുമാണ് മരണ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, എത്ര അളവ് കീടനാശിനിയാണ് മണിയുടെ ശരീരത്തിലുണ്ടായിരുന്നത്, അത് തന്നെയാണോ മരണത്തിന് വഴിവെച്ചതെന്ന കാര്യം ഈ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തി സ്ഥിരീകരിക്കാനാകില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.
ഹൈദരാബാദ് ഫോറന്‍സിക് ലബോറട്ടറിയിലെ റിപ്പോട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് അന്വേഷണസംഘത്തിന്റെയും മെഡിക്കല്‍ ബോര്‍ഡിന്റെയും തീരുമാനം.
ആദ്യം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രൂക്ഷമായ കരള്‍രോഗവും അമിത മദ്യപാനവുമാണ് മരണത്തിന് കാരണമെന്നായിരുന്നു വ്യക്തമാക്കിയത്. ആ റിപ്പോര്‍ട്ടില്‍ പക്ഷേ, കീടനാശിനി സാന്നിധ്യം കണ്ടത്തെിയിരുന്നില്ല. എന്നാല്‍, കാക്കനാട് ലാബില്‍ നടത്തിയ ആന്തരികാവയവ പരിശോധനയിലാണ് കീടനാശിനി കണ്ടത്തെിയത്.

ആ റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ വിശദമായി വീണ്ടും പരിശോധന നടത്തി അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇപ്പോള്‍ അന്വേഷണസംഘത്തിന് സമര്‍പ്പിച്ചത്.

ക്‌ളോര്‍പൈറിഫോസ് എന്ന കീടനാശിനിയും മെഥനോളും മണിയുടെ ശരീരത്തിലുണ്ടായിരുന്നതായും അതാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള വിലയിരുത്തലാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, കീടനാശിനി എത്ര അളവില്‍ ശരീരത്തിലുണ്ടായിരുന്നുവെന്നത് സംബന്ധിച്ച അവ്യക്തതയും ഈ റിപ്പോര്‍ട്ടിലുണ്ട്.

അന്വേഷണസംഘത്തെയും ഈ റിപ്പോര്‍ട്ട് കുഴക്കുകയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം വിദഗ്ധരായ ഡോ. പി.എ. ഷീജു, ഡോ. സക്കീര്‍ ഹുസൈന്‍ എന്നിവരാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.
എന്നാല്‍, ഈ വിഷാംശം എങ്ങനെ ശരീരത്തിലത്തെിയതെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. പച്ചക്കറിയിലൂടെ ഇത് എത്തിയതാണോയെന്ന സംശയവും നിലവിലുണ്ട്.
മണിയുടെ ശരീരത്തില്‍ ചെറിയതോതില്‍ മാത്രമാണ് കീടനാശിനി കണ്ടത്തെിയതെന്ന് കാക്കനാട് കെമിക്കല്‍ ലബോറട്ടറി ഡയറക്ടര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

Top