ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം മുറുകുമ്പോഴും മരണകാരണം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഫൊറന്‍സിക് സംഘത്തിനായിട്ടില്ല. മണിയുടെ ഉള്ളിലുണ്ടെന്ന് കണ്ടെത്തിയ കീടനാശിനിയുടെ അളവ് വ്യക്തമാകാത്തതാണ് കാരണം. എന്നാല്‍ കീടനാശിനിയില്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
മനുഷ്യശരീരത്തെ ഗുരുതരമായി ബാധിക്കുന്ന ഒട്ടേറെ രാസവസ്തുക്കളാണ് മണിയുടെ ഉള്ളിലുണ്ടായിരുന്നത്. മെഥനോള്‍ അടക്കമുള്ളവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ കണ്ടെത്തി. മാരക കീടനാശിനി കണ്ടെത്തിയതാകട്ടെ മരണശേഷവും.
എന്നാലിത് കണ്ടെത്തിയ കൊച്ചി കാക്കാനാട്ടെ കെമിക്കല്‍ ലാബിന്റെ റിപ്പോര്‍ട്ടില്‍ ഇതെത്ര അളവിലാണെന്ന് പറയുന്നില്ല. പരിശോധനക്കെത്തുന്ന ആന്തരാവയവങ്ങളില്‍ വിഷവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നെങ്കില്‍ അത് മതിയെന്നും അളവ് നോക്കേണ്ടതില്ല എന്നുമാണ് കാലങ്ങളായി ലാബ് തുടരുന്ന കീഴ്‌വഴക്കം.
എന്നാല്‍ കീടനാശിനിക്ക് പുറമെ മണിയുടെ ശരീരത്തില്‍ മെഥനോളും ഉണ്ടായിരുന്നതായി ലാബ് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുമ്പോള്‍ ഇവയില്‍ ഏതാണ് മരണകാരണമായത് എന്ന് ഉറപ്പിക്കണമെങ്കില്‍ ഓരോന്നിന്റെയും അളവ് വ്യക്തമാകണം. ഇതാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സംഘത്തിന് മുന്നിലുള്ള വെല്ലുവിളി.
പോരാത്തതിന്, കീടനാശിനി തീരെ ചെറിയ അളവിലേ ഉണ്ടാകുവെന്നാണ് മണിയെ ചികില്‍സിച്ച കൊച്ചി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിലപാട്. ഇക്കാരണത്താലാകാം ആദ്യ പരിശോധനയില്‍ അറിയാതിരുന്നത് എന്നും പൊലീസിനെയും ഫൊറന്‍സിക് സംഘത്തെയും ഇവര്‍ ധരിപ്പിച്ചിട്ടുണ്ട്.
ഇതും കണക്കിലെടുക്കുമ്പോള്‍ ആശയക്കുഴപ്പമേറും. കീടനാശിനിയുടെ തീവ്രത പരിഗണിച്ചാല്‍ മരണകാരണം അത് തന്നെയാകാമെന്ന് അന്വേഷണസംഘത്തോട് അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അത് സ്ഥിരീകരിക്കാന്‍ ഫൊറന്‍സിക് സംഘം തയ്യാറായിട്ടില്ല.
മണിയെ ആശുപത്രിയില്‍ എത്തിച്ചയുടന്‍ ശേഖരിച്ച രക്തം അടക്കം സാംപിളുകള്‍ വീണ്ടും സര്‍ക്കാര്‍ ലാബില്‍ പരിശോധിപ്പിച്ച് കീടനാശിനിയുടെ കൃത്യമായ അളവ് കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം. ചാരായത്തിലൂടെയോ മറ്റോ നേരിയ തോതില്‍ ഉളളില്‍പോയതാണോ, വിഷമായി തന്നെ ഉള്ളില്‍ എത്തിയതാണോയെന്ന് ഉറപ്പിക്കാന്‍ അന്വേഷണ സംഘത്തിനും കീടനാശിനിയു!ടെ അളവ് അറിയേണ്ടത് അനിവാര്യമാകും.