കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആന്തരികാവയവങ്ങള്‍ കൊച്ചി കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ പരിശോധിക്കുന്നതില്‍ നിന്ന് പൊലീസ് പിന്മാറി.
അവയവങ്ങള്‍ പൊലീസ് തിരികെ വാങ്ങുകയും ചെയ്തു. ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ അയച്ച് പരിശോധന നടത്താനാണ് പൊലീസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മണിയുടെ ശരീരത്തില്‍ കീടനാശിനിയായ ക്‌ളോര്‍ പൈറിഫോസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് കാക്കനാട്ടെ ലാബില്‍ ആയിരുന്നു.
എന്നാല്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം ഇല്ലെന്നായിരുന്നു അദ്ദേഹത്തെ ചികിത്സിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്. ക്‌ളോര്‍ പൈറിഫോസ് എന്ന കീടനാശിനിക്ക് അതിരൂക്ഷ ഗന്ധമാണ്. സ്വാഭാവികമായും ഇതിന്റെ അളവ് കൂടുതലുണ്ടെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് മനസിലാകേണ്ടിയിരുന്നു.
എന്നാലത് കണ്ടെത്താനായിരുന്നില്ല. അതേസമയം ചില വിഷഹാരികള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാലത് ഈ കീടനാശിനി ആണെന്ന് ഉറപ്പും ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്തരീകാവയങ്ങള്‍ രാസപരിശോധനക്ക് കാക്കനാട്ടെ ലാബിലേക്ക് അയച്ചത്. സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും കണ്ടെത്താന്‍ കഴിയാത്ത കീടനാശിനിയുടെ സാന്നിദ്ധ്യം കാക്കനാട്ടെ സര്‍ക്കാര്‍ ലാബില്‍ കണ്ടെത്തുകയും ചെയ്തു