ചാലക്കുടി: ഇരമ്പിയാര്‍ത്തു വന്ന പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി കലാഭവന്‍ മണി ഓര്‍മ്മയായി. തൃശൂരില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തൃശൂര്‍ സംഗീത നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് തടിച്ചു കൂടിയത്.
ഇതിനു ശേഷം ചാലക്കുടിയിലേക്ക് പുറപ്പെട്ട വിലാപയാത്രയെ നൂറുകണക്കിന് വാഹനങ്ങള്‍ അകമ്പടി സേവിച്ചു. റോഡിനിരുവശവും വന്‍ ജനാവലിയാണ് തടിച്ചുകൂടി മണിക്ക് യാത്രമൊഴി നല്‍കിയത്.
തുടര്‍ന്ന് ചാലക്കുടി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ഒരു നോക്കു കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തിയത് പൊലീസിനെയും റെഡ് വാളന്റിയേഴ്‌സിനെയും പ്രതിരോധത്തിലാക്കി.
ഗേറ്റെല്ലാം ചവിട്ടിത്തുറന്നാണ് ജനക്കൂട്ടം പ്രിയനടനെ കാണാന്‍ കുതിച്ചെത്തിയത്. ഒടുവില്‍ വളരെ പ്രയാസപ്പെട്ടാണ് മൃതദേഹം മണിയുടെ വീട്ടിലേക്ക് കൊണ്ടുപോയത്. അവിടെയും മതില്‍ ചാടിക്കടന്നും പൊലീസ് വലയം ഭേദിച്ചുമെത്തിയ സ്ത്രീകളടക്കമുള്ളവര്‍ മണിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു.
രാഷ്ട്രീയ-സിനിമാ രംഗത്തു നിന്നും നിരവധി പേര്‍ മണിക്ക് അന്ത്യോപചാരമര്‍പ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍, എംഎല്‍എമാര്‍,എംപിമാര്‍, സിനിമാ താരങ്ങളായ മുകേഷ്, കെപിഎസി ലളിത, ഇടവേള ബാബു ,ജയരാജ് വാര്യര്‍,പ്രിയനന്ദന്‍,ജയറാം തുടങ്ങി നിരിവധി പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
ഒടുവില്‍ പതിനായിരങ്ങളെ കണ്ണീരിലാഴ്ത്തി മണിയുടെ സഹോദരി പുത്രന്‍ ചിതക്ക് തീ കൊളുത്തി.