ചാലക്കുടി: അന്തരിച്ച ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ സംസ്‌കാരം വൈകിട്ട് അഞ്ചിനു നടക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം തൃശൂരിലേക്ക് വിലാപയാത്രയായി കൊണ്ടുവന്ന് രാവിലെ 11.30 മുതല്‍ 12 വരെ സംഗീതനാടക അക്കാഡമിയിലും 12.30 മുതല്‍ മൂന്നുവരെ ചാലക്കുടി മുനിസിപ്പാലിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.
തുടര്‍ന്നു വൈകിട്ട് അഞ്ചിന് ചാലക്കുടിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കലാഭവന്‍ മണിയോടുള്ള ആദരസൂചകമായി ഇന്നു രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ചാലക്കുടിയില്‍ കടകളടച്ചു ഹര്‍ത്താല്‍ ആചരിക്കുകയാണ്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 7.10നായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മരണം സംഭവിച്ചുവെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാല്‍, മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നു പിന്നീട് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിക്കുകയും അസ്വാഭാവിക മരണത്തിനു ചാലക്കുടി പോലീസ് കേസെടുക്കുകയും ചെയ്തു.
പാഡിയിലെത്തി പോലീസ് അന്വേഷണം നടത്തുകയും സഹോദരന്‍ രാമകൃഷ്ണനില്‍നിന്നു മൊഴിയെടുക്കുകയും ചെയ്തു. തൃശൂര്‍ ഡിവൈഎസ്പി കെ.എസ്. സുദര്‍ശനന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.