ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം നടത്തിവന്ന നിരാഹാര സമരം അനിശ്ചിത കാലത്തേക്ക് നീട്ടി.
ചാലക്കുടി കലാമന്ദിറില്‍ കഴിഞ്ഞ രണ്ടു ദിവസമായി നിരാഹാരസമരം നടത്തുകയായിരുന്നു രാമകൃഷ്ണന്‍. ഇതിനോട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാതെ വന്നതോടെയാണ് സമരം അനിശ്ചിത കാലത്തേക്ക് നീട്ടിയത്.
മണിയുടെ മരണം സ്വാഭാവിക മരണമാക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആരോപിച്ചു. കേന്ദ്ര ലാബില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയ സാമ്പിളുകള്‍ സീല്‍ ചെയ്തിരുന്നില്ലെന്നും ഇതിലെ ദുരൂഹതയെ കുറിച്ച് അന്വേഷണം നടത്തണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മണിയുടെ ചരമവാര്‍ഷിക ദിനത്തില്‍ സ്മൃതികുടീരത്തില്‍ ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും പുഷ്പാര്‍ച്ചന നടത്തി. വിവിധയിടങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് വീട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഫോറന്‍സിക് പരിശോധനയില്‍ ശരീരത്തില്‍ മെഥനോളിന്റെയും ക്ലോര്‍ പൈറിഫോസ് എന്ന രാസവസ്തുവിന്റെയും സാന്നിധ്യം സ്ഥിരീകരിച്ചത് മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിച്ചു.
എന്നാല്‍ മരണകാരണം വ്യക്തമാകാതെ പൊലീസ് കേസ് അവസാനിപ്പിച്ചിരിക്കുകയാണ്. ഫോറന്‍സിക് പരിശോധന സംബന്ധിച്ച് പരാതിയുണ്ടെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനും കുടുംബാംഗങ്ങളും അനിശ്ചിതകാല സമരം ആരംഭിച്ചത്. സര്‍ക്കാര്‍ ഇടപെടും വരെ സമരം തുടരാനാണ് തീരുമാനം.