തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസ് അന്വേഷിക്കുന്ന പുതിയ ടീമില്‍ എറണാകുളം, തൃശൂര്‍ മേഖലകളിലെ ക്രൈംബ്രാഞ്ച് എസ്പിമാര്‍.
കലാഭവന്‍ മണിയുടെ അസ്വാഭാവിക മരണം അന്വേഷിക്കുന്ന തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പി പിഎന്‍ ഉണ്ണിരാജനും ശാശ്വതീകാനന്ദയുടെ ദുരൂഹമരണം അന്വേഷിക്കുന്ന എറണാകുളം ക്രൈംബ്രാഞ്ച് എസ്പി പി കെ മധുവുമാണ് എഡിജിപി ബി സന്ധ്യ നേതൃത്വം നല്‍കുന്ന പുതിയ ടീമിലുള്ളത്.
ഈ രണ്ട് ഉദ്യോഗസ്ഥരും നിലവില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസുകളില്‍ ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തിലാണ് പുതിയ നിയോഗം.
ശാശ്വതീകാനന്ദയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലാണ് ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
എസ് പി മധുവിനാണ് തുടരന്വേഷണ ചുമതല നല്‍കിയിരുന്നതെങ്കിലും ഈ കേസില്‍ ഒരു തുമ്പും ഇതുവരെയുണ്ടാക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് കഴിഞ്ഞിട്ടില്ല.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, സ്വാമി സൂഷ്മാനന്ദ തുടങ്ങിയവര്‍ക്കെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായ ടീമിനെ അന്വേഷണം ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ശാശ്വതീകാനന്ദയുടെ കുടുംബമിപ്പോള്‍.
നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുകയും കുടുംബം തന്നെ കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്ത് വരികയും ചെയ്ത പശ്ചാത്തലത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഉണ്ണിരാജനെ ജിഷ കൊലക്കേസ് അന്വേഷണ ടീമില്‍ പ്രധാന ചുമതലയില്‍ നിയോഗിച്ചിരിക്കുന്നത്.
ഈ രണ്ട് കേസുകളിലും നിലവില്‍ നടക്കുന്ന അന്വേഷണങ്ങളോട് ശക്തമായ എതിര്‍പ്പാണ് ഇടതുപക്ഷം പരസ്യമായി പ്രകടിപ്പിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്.
അന്വേഷണ ടീമിനെ തിരഞ്ഞെടുത്തത് സര്‍ക്കാരല്ല മറിച്ച് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എഡിജിപി ബി സന്ധ്യയാണെന്നാണ് ലഭിക്കുന്ന സൂചന.