തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം അടുത്തദിവസങ്ങളില്‍ തന്നെ സര്‍ക്കാര്‍ പുറത്തിറക്കും.
മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മണിയുടെ മരണം കൊലപാതകമാണെന്ന സംശയത്തില്‍ ഉറച്ചുനില്‍ക്കുന്നതായി രാമകൃഷ്ണന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
നടപടിയെടുക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്.
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത തുടക്കം മുതലേ ഉണ്ടായിരുന്നു. മണിയുടെ ശരീരത്തില്‍ വിഷാംശമുണ്ടായിരുന്നെന്ന ആരോപണം ശക്തമായി നിലനില്‍ക്കേയാണ് അന്വേഷണം സിബിഐക്കു വിടുന്നത്. മരണത്തിലെ അസ്വാഭാവികതയെന്താണെന്നു കണ്ടെത്തുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നും വ്യക്തമായിരുന്നു.
മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശമുണ്ടായിരുന്നു എന്നു കഴിഞ്ഞദിവസം ഹൈദരാബാദിലെ ഫൊറന്‍സിക് ലാബിലെ പരിശോധനാ ഫലം പുറത്തുവന്നിരുന്നു. ചാലക്കുടിയിലെ പാടിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണി കൊച്ചി അമൃത ആശുപത്രിയിലാണ് മരണത്തിനു കീഴടങ്ങിയത്. രാസവസ്തുക്കള്‍ മണിയുടെ ശരീരത്തിനുള്ളില്‍ കടന്നു എന്ന രാസപരിശോധനാ ഫലത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മരണം സംബന്ധിച്ചുള്ള അന്വേഷണം സിബിഐക്കു വിടുന്നത്.
സംസ്ഥാന പൊലീസ് മേധാവിയാണ് അന്വേഷണം സിബിഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തത്. ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും അതു കേന്ദ്ര സര്‍ക്കാരിന് നല്‍കുകയും ചെയ്യുന്നതോടെ അന്വേഷണം സിബിഐയുടെ പരിധിയിലാകും. കേരളത്തില്‍ സിബിഐയുടെ രണ്ടു യൂണിറ്റുകളാണുള്ളത്. കൊച്ചിയിലും തിരുവനന്തപുരത്തും. ഈ യൂണിറ്റുകളിലൊന്നിനോ ചെന്നൈ യൂണിറ്റിനോ ആയിരിക്കും അന്വേഷണ ചുമതല എന്നാണ് സൂചന.