kalabhavan Mani’s death; family members disgusted in case enquiry

തൃശ്ശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകം തന്നെയാണെന്ന് ആവര്‍ത്തിച്ച് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത്. സാമ്പത്തിക ഇടപാടുകളും മണിയുടെ മരണത്തിന് കാരണമായിട്ടുണ്ടാകാം. ബന്ധുക്കളായാലും അറസ്റ്റ് ചെയ്യണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

കേസ് അന്വേഷണം എങ്ങുമെത്താത്തതില്‍ കുടുംബത്തിന് അതൃപ്തിയുണ്ട്. അന്വേഷണം പൊലീസ് അവസാനിപ്പിച്ച മട്ടാണ്. ഇതിനെതിരെ കുടുംബം പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. അന്വേഷണം മൊഴികള്‍ രേഖപ്പെടുത്തല്‍ മാത്രമായി ചുരുങ്ങിയെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

മണിയുടെ മരണം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും കൈവരിച്ചിട്ടില്ല. മൊഴി എടുത്തതിനപ്പുറം ഒരിഞ്ച് പോലും പൊലീസ് മുന്നോട്ടു പോയില്ല.

കാക്കനാട് ലാബില്‍ നിന്നും ഹൈദരാബാദിലെ സെന്‍ട്രല്‍ ലാബിലേക്ക് കൊണ്ടുപോയ ആന്തരികാവയവങ്ങളിലെ വിഷസാന്നിധ്യത്തിന്റെ അളവ് സംബന്ധിച്ച് ഇനിയും വിവരമല്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം സംബന്ധിച്ച വിശ്വാസ്യത നഷ്ടപ്പെട്ടു തുടങ്ങിയെന്ന പ്രതികരണവുമായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തിയത്.

സാമ്പത്തിക ഇടപാടുകള്‍ക്ക് മണിയുടെ മരണവുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെടുകയാണ്. മണിയെ തേടി പാഡിയിലെത്തുന്നവരില്‍ പലരുമായും മണിക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇവരോടു പണം തിരികെ ചോദിക്കുകയും ചെയ്തു.

ഇതില്‍ പലര്‍ക്കും അങ്കലാപ്പുണ്ടായിരുന്നു. മണിക്ക് ഒപ്പമുണ്ടായിരുന്നവര്‍ തുടര്‍ച്ചയായി മദ്യം നല്‍കുമായിരുന്നു. ഇതില്‍ ഘട്ടംഘട്ടമായി വിഷം കലര്‍ത്തിയിരുന്നോ എന്ന് സംശയിക്കുന്നതായും രാമകൃഷ്ണന്‍ പറഞ്ഞു.

മണിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയുന്ന കാര്യങ്ങള്‍ അന്വേഷണസംഘത്തെ ധരിപ്പിച്ചിട്ടുണ്ട്. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ നീതിക്ക് വേണ്ടി കലാഭവന്‍ മണിയുടെ കുടുംബം സമരം ചെയ്യേണ്ട അവസ്ഥയിലാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു

Top