തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ മരിക്കുന്ന സമയത്ത് വിഷമദ്യത്തിന്റെ അംശം ഉണ്ടായിരുന്നെന്ന് സ്ഥിരീകരണം. ഹൈദരാബാദിലെ കേന്ദ്ര ലാബിലെ പരിശോധനാഫലം പൊലീസിന് ലഭിച്ചു. മണിയുടെ ശരീരത്തില്‍ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടെന്നാണ് സെന്‍ട്രല്‍ ലാബിലെ ഫൊറന്‍സിക് പരിശോധനാഫലത്തില്‍ പറയുന്നത്.
മണിയുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ തന്നെ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നതാണ്. ഇപ്പോള്‍ ഇക്കാര്യത്തില്‍ ഫൊറന്‍സിക് പരിശോധനാഫലം കൂടി സ്ഥിരീകരണം വരുന്നതോടെ അന്വേഷണം കൂടുതല്‍ എളുപ്പമാകും.
മണിയുടെ മരണകാരണം വിഷമദ്യം തന്നെയാണെന്ന സ്ഥിരീകരണമാണ് ഇതോടെ ഉണ്ടാകുന്നത്. കീടനാശിനിയുടെ കുപ്പി പാടിയില്‍ നിന്നു കണ്ടെത്തിയ സാഹചര്യത്തില്‍ കീടനാശിനിയുടെ ഉറവിടത്തിലേക്കായിരുന്നു അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്.
എന്നാല്‍, ഇതിനെയെല്ലാം നിരാകരിക്കുന്നതാണ് പുതിയ പരിശോധനാഫലം. കീടനാശിനിയുടെ സാന്നിധ്യം ആന്തരികാവയവ പരിശോധനയിലും കണ്ടെത്തിയതോടെ വിഷം ഉള്ളില്‍ചെന്നാണ് മരണകാരണമെന്ന് അന്വേഷണസംഘം നിഗമനത്തില്‍ എത്തിയിരുന്നു. മണിയുടെ സുഹൃത്തുക്കള്‍ അടക്കമുള്ളവരെ ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.